ഗുണനിലവാരം ഉറപ്പുവരുത്തുക പ്രഖ്യാപിത ലക്ഷ്യം; മന്ത്രി സുധാകരന് മറുപടിയുമായി കിഫ്ബി


3 min read
Read later
Print
Share

ധനലഭ്യത മാത്രമല്ല, ഗുണനിലവാരവും സമയക്രമവും ഉറപ്പുവരുത്തലും കിഫ്ബിയുടെ ഉത്തരവാദിത്തമാണെന്ന് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കിഫ്ബി. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് കിഫ്ബി മന്ത്രിക്ക് പരോക്ഷമായി മറുപടി നല്‍കിയത്. ധനലഭ്യത മാത്രമല്ല, ഗുണനിലവാരവും സമയക്രമവും ഉറപ്പുവരുത്തലും കിഫ്ബിയുടെ ഉത്തരവാദിത്തമാണെന്ന് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

പാലോട്-കാരേറ്റ് റോഡ് നിര്‍മാണത്തിലെ ഒട്ടേറേ പിഴവുകള്‍ കിഫ്ബിയുടെ പരിശോധന സംഘം കണ്ടെത്തിയിരുന്നു. ഈ പിഴവുകള്‍ക്ക് നിര്‍ദേശിച്ച പരിഹാരങ്ങള്‍ ഒന്നും നടപ്പാക്കിയിരുന്നില്ല. ഇത്തരത്തില്‍ 36 പൊതുമരാമത്ത് നിര്‍മാണപ്രവര്‍ത്തികളില്‍ ഗുണനിലവാരമോ പുരോഗതിയോ ഇല്ലെന്നും ആദ്യഘട്ട പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഈ നിര്‍മാണപ്രവര്‍ത്തികള്‍ നിര്‍ത്തിവെക്കാന്‍ സാധ്യതയുള്ളവയുടെ പട്ടികയില്‍പ്പെടുത്തി.

നേരത്തെ നിര്‍മാണത്തിലിരുന്ന 12 പദ്ധതികള്‍ക്ക് ഗുണനിലവാരം സംബന്ധിച്ച തിരുത്തല്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് പാലിക്കാത്തതിനാല്‍ ഈ പദ്ധതികള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കേണ്ടിവന്നതായും ധനലഭ്യതയ്ക്ക് പുറമേ ഗുണനിലവാരവും സമയക്രമവും ഉറപ്പുവരുത്തുക കിഫ്ബിയുടെ പ്രഖ്യാപിത ലക്ഷ്യമാണെന്നും കുറിപ്പില്‍ പറയുന്നു.

കഴിഞ്ഞദിവസമാണ് പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതി നടത്തിപ്പിനുപോലും തടസ്സമാകുംവിധം കിഫ്ബി ഉദ്യോഗസ്ഥര്‍ പെരുമാറുന്നതായി മന്ത്രി ജി.സുധാകരന്‍ തുറന്നടിച്ചത്. കിഫ്ബിയിലെ ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനര്‍ രാക്ഷസനെപ്പോലെയാണെന്നും മന്ത്രി പറഞ്ഞിരുന്നു. പൊതുമരാമത്ത് വകുപ്പ് എന്‍ജിനിയര്‍മാര്‍ എന്ത് റിപ്പോര്‍ട്ട് കൊടുത്താലും കിഫ്ബി ഉദ്യോഗസ്ഥര്‍ അതുവെട്ടും. ധനവകുപ്പില്‍ ഫയല്‍ പിടിച്ചുവെക്കും. ഇക്കാര്യം ധനമന്ത്രിയോടു പറഞ്ഞിട്ടുണ്ട്. നിര്‍മാണവും അറ്റകുറ്റപ്പണിയും കിഫ്ബിയെ ഏല്‍പ്പിച്ചതിന്റെ ഉത്തരവാദിത്വം പൊതുമരാമത്ത് വകുപ്പിനല്ല. കിഫ്ബിയില്‍ ആവശ്യമുള്ള എന്‍ജിനിയറെ നിയമിക്കണം. റോഡ് വിട്ടുകൊടുക്കാം. എല്ലാകാര്യവും അവര്‍ നോക്കട്ടെയെന്നും മന്ത്രി പറഞ്ഞിരുന്നു.

കിഫ്ബിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ധനലഭ്യത മാത്രമല്ല ,ഗുണനിലവാരവും സമയക്രമവും കിഫ്ബിയുടെ ഉത്തരവാദിത്തം


വര്‍ക്കല-പൊന്‍മുടി ടൂറിസം റോഡിലെ പാലോട്-കാരേറ്റ് സ്ട്രെച്ചിനെ കുറിച്ചുവന്ന മാധ്യമവാര്‍ത്ത ശ്രദ്ധയില്‍ പെട്ടു.ഇത് വാമനപുരം-ചിറ്റാര്‍ റോഡ് നവീകരണപദ്ധതിയുടെ ഭാഗമായി വരും. മുഖ്യമന്ത്രി അധ്യക്ഷനായിട്ടുള്ള കിഫ്ബിയുടെ ബോര്‍ഡ് അംഗീകരിച്ച പദ്ധതികളിലൊന്നാണിത്.ഗുണനിലവാരം ഉറപ്പുവരുത്തുക എന്ന ഉത്തരവാദിത്തം നിറവേറ്റാനായി കിഫ്ബി ആക്ടില്‍ തന്നെ ഇന്‍സ്പെക്ഷന്‍ അഥോറിറ്റി(സാങ്കേതികം/ഭരണപരം) എന്ന സംവിധാനം ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഈ ഇന്‍സ്പെക്ഷന്‍ അഥോറിറ്റിക്ക് പദ്ധതികള്‍ പരിശോധിക്കാനുള്ള വിപുലമായ അധികാരം നിയമസഭ ഐകകണ്ഠ്യേന പാസാക്കിയ നിയമം നല്‍കുന്നു.

ഈ പദ്ധതിയില്‍ കേരള റോഡ് ഫണ്ട് ബോര്‍ഡ് ആണ് എസ്പിവി. എസ്പിവിയെ തിരഞ്ഞെടുക്കുന്നത് പൂര്‍ണമായും പൊതുമരാമത്ത് വകുപ്പിന്റെ അധികാരപരിധിയില്‍ വരുന്ന കാര്യമാണ്. അതേസമയം ലോകബാങ്ക് സഹായം നല്‍കുന്ന കെ.എസ്.ടി.പി പദ്ധതികളിലും സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതികളിലും റോഡുകള്‍ പൊതുമരാമത്ത് വകുപ്പില്‍ നിന്ന് നടത്തിപ്പിന്റെ ചുമതലയുള്ള കെ.എസ്.ടി.പി ഡിവിഷനും കേരള റോഡ് ഫണ്ട് ബോര്‍ഡിനും കൈമാറുന്നു. എന്നാല്‍ കിഫ്ബി പദ്ധതിയില്‍ ഈ റോഡുകള്‍ പൊതുമരാമത്ത് വകുപ്പില്‍ നിന്ന് കൈമാറുന്നില്ല.വകുപ്പിന്റെ ഉടമസ്ഥതയിലും അധികാരപരിധിയിലും നിന്നുകൊണ്ടു മാത്രമാണ് പദ്ധതികളുടെ നിര്‍വഹണം.കെഎസ്ടിപി-സിആര്‍ഡിപി രീതികളേക്കാള്‍ പൊതുമരാമത്ത് വകുപ്പിന്റെ ശേഷി വര്‍ധനയ്ക്ക് ഈ രീതിയാണ് നല്ലതെന്ന് സര്‍ക്കാര്‍ നിശ്ചയിക്കുകയായിരുന്നു.ഓരോ പദ്ധതിക്കും പൊതുമരാമത്ത് സെക്രട്ടറിയും,എസ്പിവി സിഇഒയും(ഇവിടെ കെ.ആര്‍.എഫ്.ബി),കിഫ്ബി സിഇഓയും ഒരു ത്രികക്ഷി ഉടമ്പടിയില്‍ ഏര്‍പ്പെടുന്നു. ഗുണനിലവാരം ഉറപ്പുവരുത്താനായി എസ്പിവിയെയും വകുപ്പ് ഉദ്യോഗസ്ഥന്‍മാരേയും സഹായിക്കുന്നതിനായി കിഫ്ബി, ടെക്നിക്കല്‍ റിസോഴ്സ് സെന്റര്‍(ടിആര്‍സി)എന്നൊരു സംവിധാനത്തിന് രൂപംകൊടുത്തിട്ടുണ്ട്.ടിആര്‍സി മുന്തിയ തലത്തിലുള്ള സാങ്കേതിക ഉപദേശം വകുപ്പുകള്‍ക്ക് നല്‍കുന്നു.

മേല്‍പ്പറഞ്ഞ പദ്ധതിയിലെ പാലോട്-കാരേറ്റ് സ്ട്രെച്ചിനെ കുറിച്ചുള്ള മാധ്യമവാര്‍ത്തയ്ക്കും മുന്നേ പൊതുജനങ്ങളില്‍ നിന്ന് പരാതി ഉയര്‍ന്നിരുന്നു.പൊതുമരാമത്ത് വകുപ്പിന് ലഭിച്ച പരാതികള്‍ ,വകുപ്പ് തുടര്‍നടപടികള്‍ക്കായി കിഫ്ബിക്ക് കൈമാറിയിരുന്നു.
ഇതേ തുടര്‍ന്ന് കിഫ്ബി ഇന്‍സ്പെക്ഷന്‍ ടീം പരാതി ഉയര്‍ന്ന സ്ട്രെച്ചില്‍ പരിശോധനകള്‍ നടത്തി. പരിശോധനയില്‍ റോഡ്നിര്‍മാണത്തിലെ ഒട്ടേറെ പിഴവുകള്‍ സംഘം കണ്ടെത്തി. ടി.ആര്‍.സിയും കിഫ്ബിയും ചേര്‍ന്ന് തയാറാക്കിയ രൂപരേഖ അടിസ്ഥാനമാക്കിയല്ല റോഡിന്റെ നിര്‍മാണം എന്നു സംഘം കണ്ടെത്തി. വര്‍ക് സൈറ്റില്‍ ഉണ്ടായിരിക്കേണ്ട രജിസ്റ്ററുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. നിയമപ്രകാരം ഉണ്ടായിരിക്കേണ്ട സിമന്റ്,സ്റ്റീല്‍ രജിസ്റ്ററുകള്‍ നിര്‍മാണം തുടങ്ങി 15 മാസങ്ങള്‍ക്ക് ശേഷവും സൈറ്റില്‍ ഉണ്ടായിരുന്നില്ല.

പ്രൈം,ടാക് കോട്ടുകളുടെ സ്പ്രേ റേറ്റ് രേഖപ്പെടുത്തിയിരുന്നെങ്കിലും മൂല്യം തെറ്റായിരുന്നു. എന്നിട്ടും ചാര്‍ജുണ്ടായിരുന്ന എന്‍ജിനീയര്‍ അതിന് അനുമതി നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്. ടെക്നിക്കല്‍ ഇന്‍സ്പെക്ഷന്‍ അഥോറിറ്റിയുടെ ആവര്‍ത്തിച്ചുള്ള നിര്‍ദേശമുണ്ടായിട്ടും പിഇഡി തയാറാക്കിയില്ല.
കഴിഞ്ഞ ഏപ്രിലില്‍ ഇന്‍സ്പെക്ഷന്‍ ടീം നടത്തിയ പരിശോധനയില്‍ 23 ശതമാനം മാത്രമാണ് നിര്‍മാണത്തിലുണ്ടായ പുരോഗതിയെന്ന് കണ്ടെത്തി. എന്നാല്‍ കരാറനുസരിച്ച് ഈ സമയത്തിനകം 72 ശതമാനം പണികള്‍ കരാറുകാരന്‍ പൂര്‍ത്തിയാക്കേണ്ടതായിരുന്നു.

പരിശോധനയില്‍ കണ്ടെത്തിയ പിഴവുകള്‍ പരിഹരിച്ച് ഏഴുദിവസത്തിനകം കിഫ്ബിയുടെ ചീഫ് പ്രോജക്ട് എക്സാമിനര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നിര്‍ദേശിക്കപ്പെട്ടിരുന്നു. എന്നാല്‍ സമയബന്ധിതമായി ഇതു പാലിക്കപ്പെട്ടിട്ടില്ല. പദ്ധതിയുടെ രൂപകല്‍പ്പനയിലോ നടത്തിപ്പിലോ എന്തെങ്കിലും മാറ്റം വരുത്തുന്നുണ്ടെങ്കില്‍ അതു കിഫ്ബി മാര്‍ഗരേഖയ്ക്ക് വിധേയമായി മാത്രമേ പാടുള്ളു എന്നതും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്.

ഗുണനിലവാര പരിശോധനയുമായി ബന്ധപ്പെട്ട കിഫ്ബി നല്‍കിയിട്ടുള്ള മേല്‍പ്പറഞ്ഞ നിര്‍ദേശങ്ങള്‍ക്ക് ക്രിയാത്മകമായ പരിഹാരങ്ങള്‍ ഒന്നും നടപ്പാക്കിയതായി കാണുന്നില്ല. ഇത്തരത്തിലുള്ള 36 പിഡബ്ല്യൂഡി നിര്‍മാണപ്രവൃത്തികളില്‍ ഗുണനിലവാരമോ,പുരോഗതിയോ ഇല്ലെന്ന്് ആദ്യഘട്ട പരിശോധനയില്‍ തന്നെ കണ്ടെത്തിയിരുന്നു.തുടര്‍ന്ന് ഈ നിര്‍മാണപ്രവൃത്തികളെ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ സാധ്യതയുള്ളവയുടെ പട്ടികയില്‍ പെടുത്തി. ഇക്കാര്യം കിഫ്ബിയുടെ സിഇഒ കത്തുമുഖേന പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.നേരത്തെ സംസ്ഥാനത്ത് നിര്‍മാണത്തിലിരുന്ന 12 നിര്‍മാണപ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കാന്‍ കിഫ്ബി നിര്‍ദേശംനല്‍കിയിരുന്നു. പല തവണ ഗുണനിലവാരം സംബന്ധിച്ച് തിരുത്തല്‍ നിര്‍ദേശം നല്‍കിയിട്ടും ഫലംകാണാതെ വന്നതിനെ തുടര്‍ന്നാണ് ഈ 12 പദ്ധതികള്‍ക്ക് സ്റ്റോപ് മെമ്മോ നല്‍കേണ്ടിവന്നത്. ധനലഭ്യതയ്ക്ക് പുറമേ ഗുണനിലവാരവും സമയക്രമവും ഉറപ്പുവരുത്തുക എന്നത് കിഫ്ബിയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. ആ ലക്ഷ്യ സാക്ഷാല്‍ക്കാരത്തിന് ഭാവിയിലും കര്‍ശനമായ ഗുണനിലവാര പരിശോധനയും തുടര്‍ന്നുള്ള നിര്‍ദേശങ്ങളും കിഫ്ബിയുടെ ഭാഗത്തു നിന്നുണ്ടാകും.

കിഫ്ബി ഉറപ്പു വരുത്തുന്നു.

ധനലഭ്യത,ഗുണനിലവാരം,സമയക്രമം

Content Highlights: kifbi reply to minister g sudhakaran through facebook page

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

ആയുഷ്മാന്‍ പദ്ധതി നടപ്പാക്കി; പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ മൂലം- മന്ത്രി കെ.കെ. ശൈലജ

Jun 8, 2019


mathrubhumi

1 min

ഖനനം പൂര്‍ത്തിയായി, കോട്ടയില്‍നിന്ന് കിട്ടിയത് 35950 പീരങ്കിയുണ്ടകള്‍

Dec 21, 2015


mathrubhumi

1 min

രമേശ് ചെന്നിത്തലയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ്: എസ് ഐക്ക് സസ്‌പെന്‍ഷന്‍

Aug 2, 2018