കാസര്‍കോട്: ദുരൂഹ സാഹചര്യത്തില്‍ വ്യക്തികളെ കാണാതായെന്ന പരാതിയുമായി കാസര്‍കോടുനിന്ന് കൂടുതല്‍പേര്‍ രംഗത്ത്. കാസര്‍കോട്ടുനിന്നും പാലക്കാട്ടുനിന്നും കാണാതായ ഏതാനുംപേര്‍ ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്) ല്‍ ചേര്‍ന്നുവെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണിത്. ആറ് പേരാണ് ഞായറാഴ്ച പോലീസില്‍ പരാതി നല്‍കിയത്. ഇതോടെ ഐ.എസ് ബന്ധം സംശയിച്ച് പോലീസില്‍ പരാതി നല്‍കിയവരുടെയെണ്ണം എട്ടായി.
ഐ.എസ്. ക്യാമ്പിലെത്തിയെന്ന് സംശയിക്കുന്ന പാലക്കാട് സ്വദേശി ബെക്‌സന്‍ എന്ന ഈസ (31) യുടെ പിതാവ് അടക്കം ശനിയാഴ്ച പോലീസില്‍ പരാതി നല്‍കിയിരുന്നു. മറ്റൊരു മകനായ ബെറ്റ്‌സന്‍ എന്ന യഹ്യ (23), ഭാര്യ മെറിന്‍ എന്ന മറിയം, ബെക്‌സന്റെ ഭാര്യ നിമിഷ എന്ന ഫാത്തിമ എന്നിവരെയും കാണാതായെന്ന് പരാതിയില്‍ പറഞ്ഞിരുന്നു.
അതിനിടെ തിരുവനന്തപുരം സ്വദേശിനി നിമിഷ ഫാത്തിമയുടെ അമ്മ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് നേരിട്ട് പരാതി നല്‍കി. പോലീസിന് ലഭിച്ച എട്ട് പരാതികള്‍ക്ക് പുറമെയാണിത്. മകള്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പരാതി നല്‍കിയശേഷം അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കാണാതായവരില്‍ ചിലര്‍ക്ക് ഐ.എസ്സുമായി ബന്ധമുള്ളതായി സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചിട്ടുണ്ട്. കാസര്‍കോട് നിന്ന് കാണാതായവരില്‍ അഞ്ചുപേര്‍ക്ക് ബന്ധമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്റലിജന്‍സിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയ്ക് കൈമാറിയിട്ടുണ്ട്.
കേന്ദ്ര ഏജന്‍സികളും ഇത് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം, ദുരൂഹ സാഹചര്യത്തില്‍ കേരളത്തില്‍നിന്ന് മൊത്തം 19 പേരെ കാണാതായതായാണ് വിവരം. കാസര്‍കോടു നിന്ന് 15 പേരെയും പാലക്കാടുനിന്ന് 4 പേരെയുമാണ് കാണാതായിരിക്കുന്നത്. ഇതില്‍ ആറ് സ്ത്രീകളും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു.