തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒത്തുതീര്‍പ്പ് നടത്തിയെന്ന ആരോപണം തെളിയിക്കാന്‍ വിടി ബല്‍റാമിനെ വെല്ലുവിളിച്ച് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.
ടിപി കേസ് നന്നായി അന്വേഷിച്ചതു കൊണ്ട് മന്ത്രിസ്ഥാനം പോയ ആളാണ് താന്‍, ഒരു ഒത്തുതീര്‍പ്പും തന്റെ കാലത്ത് നടന്നിട്ടില്ലെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. ഒത്തുതീര്‍പ്പ് സംബന്ധിച്ച തെളിവുണ്ടെങ്കില്‍ ബല്‍റാം അത് കോടതിയില്‍ ഹാജരാക്കണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.
ടിപി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണം തീരുന്നതിന് മുന്‍പ് മന്ത്രിസ്ഥാനം പോയ ആളാണ് താന്‍. തനിക്ക് ശേഷം വന്ന രമേശ് ചെന്നിത്തല ഒത്തുതീര്‍പ്പിന് പോകുമെന്ന് താന്‍ കരുതുന്നില്ലെന്നും തിരുവഞ്ചൂര്‍ അഭിപ്രായപ്പെട്ടു.
മാതൃഭൂമി ന്യൂസിന്റെ ചോദ്യം ഉത്തരം പരിപാടിയിലാണ് തിരുവഞ്ചൂരിന്റെ പ്രതികരണം. ചോദ്യം ഉത്തരം പരിപാടി ഇന്ന് രാത്രി 9.30ന് മാതൃഭൂമി ന്യൂസില്‍ കാണാം.
ടിപി വധക്കേസില്‍ ബാഹ്യഇടപെടലുകള്‍ നടന്നിട്ടില്ലെന്ന് നേരത്തേയും തിരുവഞ്ചൂര്‍ വ്യക്തമാക്കിയിരുന്നു. എഡിജിപി വിന്‍സെന്റ് എം പോളിന്റെ നേതൃത്വത്തില്‍ അന്വേഷണം നീതിപൂര്‍വ്വമായാണ് നടന്നത്. ആരോപണം ഉന്നയിച്ചവരോട് തന്നെ വിശദാംശങ്ങള്‍ ചോദിക്കണമെന്നും തിരുവഞ്ചൂര്‍ പ്രതികരിച്ചു.
സോളാര്‍ അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവിട്ട് മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിടി ബല്‍റാം രംഗത്തെത്തിയത്. ടിപി ചന്ദ്രശേഖരന്‍ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനക്കേസ് നേരാവണ്ണം അന്വേഷിച്ച് മുന്നോട്ട് കൊണ്ടു പോവാതെ ഇടയ്ക്ക് വച്ച് ഒത്തുതീര്‍പ്പാക്കിയതിന് കിട്ടിയ പ്രതിഫലമായി കണക്കാക്കിയാല്‍ മതി പുതിയ ആരോപണങ്ങള്‍ എന്നായിരുന്നു വിടി ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
ബല്‍റാമിന്റെ ആരോപണത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. ടിപി വധക്കേസ് അന്വേഷണം ഫലപ്രദമായിരുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.