അദിലാബാദ് രൂപതയുടെ രണ്ടാമത്തെ ബിഷപ്പായാണ് അരിമ്പൂര്‍ സെന്റ് ആന്റണീസ് ഇടവകയിലെ ഫാ. ആന്റണി പ്രിന്‍സ് സ്ഥാനാരോഹണം ചെയ്യുന്നത്. പോലീസ് ഉദ്യോഗസ്ഥനായിരുന്ന മനക്കൊടി കിഴക്കുംപുറത്ത് പാണേങ്ങാടന്‍ ദേവസിയുടെയും കൊച്ചുത്രേസ്യയുടെയും രണ്ടാമത്തെ മകനാണ് ഫാ. ആന്റണി പ്രിന്‍സ്.
2007 ഏപ്രില്‍ 25നാണ് ബിഷപ്പ് മാര്‍ ജോസഫ് കുന്നത്തില്‍നിന്ന് വൈദികപട്ടം സ്വീകരിച്ചത്. ബാംഗ്ലൂര്‍ ധര്‍മ്മവിദ്യാ ക്ഷേത്രത്തില്‍നിന്ന് ഫിലോസഫിയിലും തിയോളജിയിലും ബിരുദം നേടിയിട്ടുണ്ട്. റോമിലെ ഉര്‍ബാനിയന്‍ സര്‍വ്വകലാശാലയില്‍നിന്ന് ബൈബിള്‍ വിജ്ഞാനത്തില്‍ ഡോക്ടറേറ്റ്. അദിലാബാദ് രൂപത പ്രോട്ടോസിന്‍ ചെല്ലുസായും കത്തീഡ്രല്‍ വികാരിയായും നിലവില്‍ സേവനം ചെയ്യുന്നു. വികാരി ജനറല്‍ സ്ഥാനത്തുനിന്നാണ് ബിഷപ്പായി ഉയര്‍ത്തിയിരിക്കുന്നത്.
29ന് നടക്കുന്ന മെത്രാഭിഷേകച്ചടങ്ങില്‍ കര്‍ദ്ദിനാള്‍ മാര്‍ േജാര്‍ജ്ജ് ആലഞ്ചേരിയും തൃശ്ശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തും സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടിലും കാര്‍മ്മികരാകും.
15000 കത്തോലിക്കരുള്ള അദിലാബാദ് രൂപതയില്‍ 40 വൈദികരാണുള്ളത്. സ്ഥാനാരോഹണച്ചടങ്ങിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. തൃശ്ശൂരില്‍നിന്ന് മാതാപിതാക്കള്‍ ഉള്‍പ്പെടെ നൂറോളം ബന്ധുക്കളും ഇടവകക്കാരും അദിലാബാദിലേക്ക് യാത്രപുറപ്പെട്ടു. ഇരുപതോളം വൈദികരും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.