എസ്.ഐ. നിയമനശുപാര്‍ശ വെട്ടിക്കുറയ്ക്കാന്‍ പി.എസ്.സി.ക്ക് ഡി.ജി.പി.യുടെ കത്ത്


ആര്‍.ജയപ്രസാദ്‌

1 min read
Read later
Print
Share

ഹൈക്കോടതിയുടെയോ സുപ്രീംകോടതിയുടെയോ അന്തിമവിധി വന്നതിന് ശേഷമേ അവയിലേക്ക് നിയമനശുപാര്‍ശ നല്‍കാവൂവെന്നും സംസ്ഥാന പോലീസ് മേധാവി ആവശ്യപ്പെടുന്നു.

തിരുവനന്തപുരം: എസ്.ഐ.മാരായി 329 പേരെ ശുപാര്‍ശ ചെയ്യാനുള്ള പി.എസ്.സി.യുടെ നീക്കത്തിനെതിരെ പോലീസ് വകുപ്പ് രംഗത്ത്. നിലവില്‍ 74 ഒഴിവുകളാണുള്ളതെന്നും അത്രയും നിയമനശുപാര്‍ശയേ അയയ്ക്കാവൂവെന്നും അഭ്യര്‍ത്ഥിച്ച് പി.എസ്.സി. ചെയര്‍മാന് ഡി.ജി.പി. ടി.പി.സെന്‍കുമാര്‍ കത്തയച്ചു. ബാക്കി 255 ഒഴിവുകള്‍ കോടതിനിര്‍ദ്ദേശപ്രകാരം റിപ്പോര്‍ട്ട് ചെയ്തതാണെന്നും ഈ വിധികളില്‍ അപ്പീല്‍ ഹര്‍ജി ഫയല്‍ചെയ്തിട്ടുണ്ടെന്നും കത്തില്‍ പറയുന്നു. ഹൈക്കോടതിയുടെയോ സുപ്രീംകോടതിയുടെയോ അന്തിമവിധി വന്നതിന് ശേഷമേ അവയിലേക്ക് നിയമനശുപാര്‍ശ നല്‍കാവൂവെന്നും സംസ്ഥാന പോലീസ് മേധാവി ആവശ്യപ്പെടുന്നു.

എന്നാല്‍, ഒരിക്കല്‍ റിപ്പോര്‍ട്ടുചെയ്ത ഒഴിവുകള്‍ തിരിച്ചെടുക്കാന്‍ വകുപ്പ് മേധാവികളെ പി.എസ്.സി. അനുവദിക്കാറില്ല. റിസര്‍വ് കണ്ടക്ടര്‍മാരുടെ ഒഴിവുകള്‍ കെ.എസ്.ആര്‍.ടി.സി. തിരിച്ചെടുക്കാന്‍ ശ്രമിച്ചത് പി.എസ്.സി. അംഗീകരിച്ചിരുന്നില്ല. റിപ്പോര്‍ട്ടുചെയ്ത മുഴുവന്‍ ഒഴിവിലേക്കും അന്ന് നിയമനശുപാര്‍ശ അയച്ചു. മാത്രമല്ല, കമ്മിഷന്‍ യോഗം ചേര്‍ന്നാണ് എസ്.ഐ.മാരുടെ 329 ഒഴിവിലേക്കും നിയമനത്തിന് ശുപാര്‍ശ തയ്യാറാക്കാന്‍ നിര്‍ദ്ദേശിച്ചത്. നവംബര്‍ 20നുമുമ്പ് അവ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അയയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. അതിനാല്‍ എസ്.ഐ. നിയമനം പുതിയ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്.
എസ്.ഐ. നിയമനത്തിന് 2013-ല്‍ ഏകീകൃത റാങ്കുപട്ടിക പ്രസിദ്ധീകരിച്ചത് നിയമനടപടികളില്‍ കുരുങ്ങിക്കിടക്കുകയായിരുന്നു. കഴിഞ്ഞമാസം സുപ്രീംകോടതി അന്തിമവിധി പ്രസ്താവിച്ചതോടെയാണ് നിയമനം പുനരാരംഭിക്കാന്‍ പി.എസ്.സി. തീരുമാനിച്ചത്.

2014 ജനവരി ആറിനാണ് അവസാനമായി എസ്.ഐ. നിയമനശുപാര്‍ശ പി.എസ്.സി. നല്‍കിയത്. അതിനുശേഷം പലപ്പോഴായി റിപ്പോര്‍ട്ട് ചെയ്ത 329 ഒഴിവുകളിലേക്കാണ് അടിയന്തരമായി ശുപാര്‍ശ തയ്യാറാക്കാന്‍ പി.എസ്.സി. നിര്‍ദ്ദേശം നല്‍കിയത്. പരിശീലനം പൂര്‍ത്തിയാക്കിയ പുതിയ ബാച്ച് എസ്.ഐ.മാരെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പ് നിയമിക്കാനാണ് ലക്ഷ്യമിട്ടത്. ഇക്കാര്യം ഡി.ജി.പി.യുടെ കത്തിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനാല്‍ 74 പേരുടെ നിയമനശുപാര്‍ശ വേഗത്തിലാക്കണമെന്നും പി.എസ്.സി.യോട് ഡി.ജി.പി. അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram