ഓണ്‍ലൈന്‍ പെണ്‍വാണിഭം: എട്ടുപേര്‍ അറസ്റ്റില്‍


2 min read
Read later
Print
Share

തിരുവനന്തപുരം: വെബ്‌സൈറ്റ് വഴിയും ഫെയ്‌സ്ബുക്ക് വഴിയും സംസ്ഥാനത്ത് പെണ്‍വാണിഭം നടത്തുന്ന എട്ടംഗ സംഘം ഏജന്റുമാരെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. സംഘത്തിന്റെ വലയില്‍ അകപ്പെട്ട നാല് സ്ത്രീകളെയും 14 വയസ്സുകാരനെയും പോലീസ് മോചിപ്പിച്ചു. സംസ്ഥാന പോലീസ് മേധാവി നിയമിച്ച പ്രത്യേക സംഘമാണ് മാസങ്ങളുടെ നിരീക്ഷണത്തിന് ശേഷം വിവിധ സ്ഥലങ്ങളില്‍ നിന്നായി എട്ടുപേരെയും പിടികൂടിയത്.

കവടിയാര്‍ കുറവന്‍കോണം പി.പി.ഡി. റീജന്റ് കോര്‍ട്ട് ഫ്ലറ്റ് നമ്പര്‍ 60-ല്‍ എസ് ഉണ്ണികൃഷ്ണന്‍(34), കൊല്ലം പുത്തൂര്‍, കരിമ്പുഴ അശ്വതി ഭവനില്‍ പ്രവീണ്‍ (27), എറണാകുളം എടവനക്കാട് സ്വദേശി അജീഷ് എം.എസ്.(33), കൊല്ലം മങ്ങാട് അറുനൂറ്റിമംഗലം അനീഷ് ഭവനത്തില്‍ അനീഷ്‌കുമാര്‍(33), കൊല്ലം അഞ്ചല്‍ വടമണ്‍ ചേരനാട് ആര്യയില്‍ അബിന്‍ബാഷ് ജെ.എസ്., അടൂര്‍ ചൂരക്കോട് വിഷ്ണു ഭവനത്തില്‍ ജിഷ്ണു പി.(19), കൊല്ലം മങ്ങാട് അനീഷ് ഭവനത്തില്‍ ബിനിമോള്‍(39), പേരൂര്‍ക്കട വഴയില വലിയവിള വീട്ടില്‍ ഷജീബ് ഖാന്‍(33) എന്നിവരാണ് പിടിയിലായത്. ഇവരുടെ വലയില്‍ അകപ്പെട്ട നാല് സ്ത്രീകളെയും പോലീസ് പിടികൂടി നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. പ്രതികളിലൊരാളുടെ മകനും ഇടപാട് സമയത്ത് ഒപ്പമുണ്ടായിരുന്നതുമായ 14കാരനെ പിടികൂടി ചൈല്‍ഡ് വെല്‍െഫയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കി.

സംഘത്തില്‍ നിന്ന് മൂന്ന് കാറുകളും രണ്ട് ബൈക്കുകളും 18 മൊബൈല്‍ ഫോണുകളും ഒരു ടാബ്ലെറ്റ് കംപ്യൂട്ടറും പതിനാറായിരത്തോളം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.

ലൊക്കാന്റോ എന്ന വെബ്‌സൈറ്റ് മുഖേനയും ചില സാമൂഹ്യമാധ്യമ പേജുകള്‍ വഴിയും കുട്ടികളെയും മുതിര്‍ന്നവരെയും വാണിഭത്തിന് ഉപയോഗിക്കുന്ന റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് മേധവി ടി.പി.സെന്‍കുമാര്‍, ക്രൈംബ്രാഞ്ച് ഐ.ജി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ചു. സൈബര്‍ സെല്‍ എസ്.പി. പ്രതീഷിന്റെയും സൈബര്‍ പോലീസ് സ്റ്റേഷന്‍ സി.ഐ. എസ്.വിജയന്റെയും സഹായത്തോടെ പ്രത്യേക സംഘം വിവിധ വെബ്‌സൈറ്റുകള്‍ പരിശോധിച്ച് കിട്ടിയ ഫോണ്‍ നമ്പറുകള്‍ പിന്തുടര്‍ന്നാണ് പെണ്‍വാണിഭ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്ന എട്ടുപേരെയും അറസ്റ്റു ചെയ്തത്. ഇടപാടുകാര്‍ എന്ന വ്യാജേന സംഘവുമായി ഫോണില്‍ ബന്ധപ്പെട്ടാണ് ഇവരെ വലയിലാക്കിയത്. കൊല്ലം ബീച്ചിന് സമീപത്തെ ഒരു ഹോട്ടലില്‍ പെണ്‍കുട്ടിയെ എത്തിക്കാന്‍ വന്നയാളെയാണ് ആദ്യം അറസ്റ്റുചെയ്തത്. പിന്നീട് ഇവരുടെ സംഘത്തില്‍പ്പെട്ട ബാക്കിയുള്ളവരെയും പിടികൂടുകയായിരുന്നു.

കൊട്ടാരക്കര പുത്തൂര്‍ സ്വദേശി പ്രവീണാണ് സംഘത്തിലെ പ്രധാനി. സൈറ്റില്‍ നല്‍കിയിരിക്കുന്ന ഫോണ്‍നമ്പറില്‍ ബന്ധപ്പെടുന്നവര്‍ക്ക് പിന്നീട് പെണ്‍കുട്ടികളുടെ ഫോട്ടോ അയച്ചുകൊടുക്കുകയാണ് പതിവ്. ഇടപാടുകാര്‍ ഇതില്‍ നിന്ന് തിരഞ്ഞെടുക്കുന്ന പെണ്‍കുട്ടിയെ തുക പറഞ്ഞുറപ്പിച്ച് അവര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തിക്കുകയാണ് പതിവ്. പിടിയിലായ ഇടനിലക്കാരില്‍ ഒരാള്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയും മറ്റൊരാള്‍ പോളിടെക്‌നിക് വിദ്യാര്‍ഥിയുമാണ്. സംഘത്തില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം തുടരുന്നുണ്ട്. വരും ദിവസങ്ങളില്‍ മറ്റു ചിലര്‍ കൂടി കുടുങ്ങുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram