ഫോട്ടോ: UNI
തിരുവനന്തപുരം: മറ്റന്നാള്‍ കാലാവധി അവസാനിക്കുന്ന പിഎസ്‌സി റാങ്ക് പട്ടികകള്‍ നീട്ടാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. കോവിഡ് കാലമായിട്ടും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കാലതാമസം ഉണ്ടായിട്ടില്ല. മൂന്ന് വര്‍ഷത്തെ കാലാവധി കഴിഞ്ഞ പട്ടികയാണ് റദ്ദാക്കുന്നത്. ഇതില്‍ കൂടുതല്‍ റാങ്ക് ലിസ്റ്റ് നീട്ടണമെങ്കില്‍ പ്രത്യേക നിബന്ധനകളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
റാങ്ക് പട്ടികകള്‍ നീട്ടണമെന്ന അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ വിധി നിയമപരമായ വിഷയമാണെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. റാങ്ക് പട്ടികയിലെ എല്ലാവരേയും എടുക്കണമെന്ന വാദം ശരിയല്ല. നിയമനം പരമാവധി പിഎസ്‌സി വഴി നടത്തുകയാണ് സര്‍ക്കാര്‍ നയമെന്നും പ്രതിപക്ഷത്തിന്റേത് പിഎസ്‌സിയുടെ യശസ്സ് ഇടിച്ചുതാഴ്ത്തുന്ന നിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിഎസ്‌സി റാങ്ക് പട്ടിക നീട്ടണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച അടിയന്തരപ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും സര്‍ക്കാര്‍ ശ്രമിക്കുന്നത് അപ്രഖ്യാപിത നിയമന നിരോധനത്തിനാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
content highligts : no decision to extend psc rank list