കേരളത്തില്‍ നിരവധി ബി.ജെ.പി. പ്രവര്‍ത്തകര്‍ക്ക് ഇക്കാരണത്താല്‍ മാത്രം ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്നു. എന്നാല്‍ ഇതിനെയെല്ലാം മറികടക്കുന്നതാണ് കേരളത്തിലെ ബി.ജെ.പി. പ്രവര്‍ത്തകര്‍ കാട്ടുന്ന നിശ്ചയദാര്‍ഢ്യം. അതിന് മുമ്പില്‍ പ്രണാമമര്‍പ്പിക്കുന്നു. ശബരിമലയില്‍ ദര്‍ശനം നടത്തി കേരളത്തിലെ ആദ്യ സന്ദര്‍ശനത്തിനു തുടക്കമിടണമെന്നായിരുന്നൂ ആഗ്രഹമെന്ന് നരേന്ദ്ര മോദി പറഞ്ഞു.
ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ ചടങ്ങില്‍ അധ്യക്ഷനായി. പൊതുയോഗത്തിന് ശേഷം റോഡുമാര്‍ഗ്ഗം പ്രധാനമന്ത്രി കൊച്ചിയിലേക്ക് മടങ്ങി.
പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ ഒന്നരലക്ഷത്തോളം ബി.ജെ.പി. പ്രവര്‍ത്തകരാണ് തേക്കിന്‍കാട് മൈതാനത്ത് എത്തിയത്. തിങ്കളാഴ്ച വൈകിട്ട് 4.50 ഓടെ കൊച്ചിയില്‍ നിന്ന് പ്രത്യേക വ്യോമസേനാ ഹെലികോപ്ടറില്‍ കുട്ടനെല്ലൂര്‍ അച്യുതമേനോന്‍ സര്‍ക്കാര്‍ കോളേജ് മൈതാനിയില്‍ വന്നിറങ്ങിയ നരേന്ദ്രമോദിയെ മേയര്‍ അജിത ജയരാജന്‍, ജില്ലാകളക്ടര്‍ എ. കൗശിഗന്‍, ബി.ജെ.പി. സംസ്ഥാന, ജില്ലാ നേതാക്കള്‍ തുടങ്ങിയവര്‍ സ്വീകരിച്ചു.
പ്രധാനമന്ത്രിയായശേഷം ആദ്യമായി തൃശ്ശൂരിലെത്തിയ മോദിയെ ഒരു നോക്ക് കാണാന്‍ ആയിരങ്ങളാണ് കുട്ടനെല്ലൂര്‍ കോളേജ് മൈതാനിക്ക് പുറത്ത് മണിക്കൂറുകളോളം കാത്തുനിന്നത്. വെള്ള കൂര്‍ത്ത ധരിച്ച് ഹെലികോപ്ടറില്‍ വന്നിറങ്ങിയ മോദി കാണികള്‍ക്ക് നേരെ കൈവീശിയപ്പോള്‍ ആരാധകരുടെ ആവേശം അണപൊട്ടി. മൈതാനത്തിന് പുറത്ത് പോലീസ് ഒരുക്കിയ ബാരിക്കേഡുകളും തകര്‍ത്ത് ആളുകള്‍ മൈതാനത്തിന്റെ മതിലിനടുത്തേക്ക് നീങ്ങിയപ്പോള്‍ പോലീസിനും തടയാനായില്ല. കോളേജ് മൈതാനം മുതല്‍ തേക്കിന്‍കാട് വരെയുള്ള ഏഴു കിലോമീറ്റര്‍ ദൂരത്തും വഴിയരികില്‍ നൂറുകണക്കിന് ആളുകള്‍ പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാന്‍ തിക്കിത്തിരക്കി.