വിവാഹപൂര്‍വ പ്രണയം പ്രോത്സാഹിപ്പിക്കേണ്ടെന്ന് എറണാകുളം അതിരൂപത


1 min read
Read later
Print
Share

കലൂര്‍ റിന്യുവല്‍ സെന്ററില്‍ ചേര്‍ന്ന മൂന്നാമത്തെ മേഖലാ സംഗമത്തിലാണ് ഇത് സംബന്ധിച്ച നിലപാടുകള്‍ ക്രോഡീകരിച്ച് അവതരിപ്പിച്ചത്.

കൊച്ചി: പ്രണയം പഠിപ്പിക്കുന്ന കാര്യത്തില്‍ അഭിപ്രായ സമന്വയത്തിലെത്താന്‍ എറണാകുളം അങ്കമാലി അതിരൂപത കുടുംബപ്രേഷിത കേന്ദ്രത്തിനായില്ല. ഇതു സംബന്ധിച്ച് മൂന്ന് മേഖലകളായി തിരിച്ചു നടത്തിയ ചര്‍ച്ചയില്‍ വിവാഹപൂര്‍വ പ്രണയം സവിശേഷമായി പ്രോത്സാഹിപ്പിക്കേണ്ടെന്ന നിലപാടാണ് ഉണ്ടായത്. കലൂര്‍ റിന്യുവല്‍ സെന്ററില്‍ ചേര്‍ന്ന മൂന്നാമത്തെ മേഖലാ സംഗമത്തിലാണ് ഇത് സംബന്ധിച്ച നിലപാടുകള്‍ ക്രോഡീകരിച്ച് അവതരിപ്പിച്ചത്. ഡിസംബര്‍ 5 ന് ചിറ്റൂരില്‍ നടക്കുന്ന അതിരൂപത കോണ്‍ഫ്രന്‍സ് അന്തിമ തീരുമാനമെടുക്കും.

വിവാഹത്തിന് മുമ്പുള്ള ആരോഗ്യകരമായ പ്രണയം അംഗീകരിക്കാമെങ്കിലും പ്രോത്സാഹിപ്പിക്കേണ്ടതില്ല. മാത്രമല്ല പ്രണയം ആരോഗ്യകരമാണോ അനാരോഗ്യകരമാണോ എന്ന് തിരിച്ചറിയുക എളുപ്പമല്ല. വിവാഹ ഒരുക്കത്തിന് പ്രണയം അത്യന്താപേക്ഷിതമല്ലെന്നും അനാരോഗ്യകരമായ പ്രണയം വ്യക്തിയുടെ വളര്‍ച്ചയ്ക്ക് തടസ്സവും സാമൂഹിക ഭദ്രതയ്ക്ക് ഭീഷണിയുമാണെന്ന് സമ്മേളനം വിലയിരുത്തി. കുടുംബങ്ങളില്‍ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കപ്പെട്ടാല്‍ വഴിതെറ്റുന്ന പ്രണയങ്ങളില്‍ ആരും അകപ്പെടില്ല. യുവതീ യുവാക്കള്‍ക്കിടയില്‍ സൗഹൃദ സംസ്‌കാരം വളര്‍ത്തിയെടുക്കണം. യുവജന സംഘടനകള്‍ ഇതിനുതകുന്ന പ്രവര്‍ത്തന ശൈലി സ്വീകരിക്കണം.

അതേസമയം ആരോഗ്യകരമായ പ്രണയത്തെപ്പോലും അന്ധമായി എതിര്‍ക്കുന്ന അമിത സദാചാര ഇടപെടലുകളെ അംഗീകരിക്കാനാവില്ല. യുവതീ യുവാക്കള്‍ പരസ്​പരം പുലര്‍ത്തുന്ന സൗഹൃദങ്ങള്‍ പോലും സംശയത്തോടെ വീക്ഷിക്കുന്നത് അപലപനീയമാണെന്നും ചര്‍ച്ചയില്‍ വിലയിരുത്തപ്പെട്ടു

കലൂര്‍ റിന്യുവല്‍ സെന്ററില്‍ നടന്ന കൂട്ടായ്മയില്‍ കുടുംബേപ്രഷിത കേന്ദ്രം ഡയറക്ടര്‍ ഫാ. ഡോ. അഗസ്റ്റിന്‍ കല്ലേലിയാണ് നിലപാടുകള്‍ അവതരിപ്പിച്ചത്. ഫാ. ഡോ. ജോസ് കുറിയേടത്ത്, ഡോ. സി.ജെ. ജോണ്‍ എന്നിവര്‍ വിഷയാവതരണം നടത്തി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram