കോട്ടയം: ഹൈന്ദവ ഐക്യത്തിനു വേണ്ടി ഇപ്പോള്‍ ചിലര്‍ സംഘടനയുണ്ടാക്കുന്നത് പല കള്ളക്കഥകളും മറച്ചുവെക്കാനാണെന്നും സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കു വേണ്ടിയാണെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍.
കൊല്ലം: ജി.സുകുമാരന്‍ നായരുടെ ആരോപണത്തിന് മറുപടിയുമായി വെള്ളാപ്പള്ളി നടേശന്‍.
മന്നം-ശങ്കര്‍ ഐക്യം കള്ളത്തരം ഒളിപ്പിക്കാനായിരുന്നോ എന്ന് വെള്ളാപ്പള്ളി ചോദിച്ചു. അങ്ങനെയെങ്കില്‍ ഒന്നും പറയാനില്ല. സുകുമാരന്‍ നായരും നാരായണപ്പണിക്കരും ഒരു കാലത്ത് ഐക്യത്തിന് വേണ്ടി നിലകൊണ്ടവരാണ്. സുകുമാരന്‍ നായരുടെ പ്രസ്താവന കാര്യങ്ങള്‍ അറിയാതെയുള്ള കാടടച്ച് വെടിവെക്കലാണ്. കാലങ്ങള്‍ കഴിയുമ്പോള്‍ മാറ്റിപ്പറയേണ്ടി വരുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഹിന്ദു ഐക്യത്തിന് എന്‍.എസ്.എസ് എതിരാണന്നാണ് ആരോപണം. ഹൈന്ദവന്റെ പൊതു താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടത് തന്നെയാണ്. ഇതൊക്കെ വളരെ മോഹന സുന്ദരമായി പറയാന്‍ മാത്രമെ പറ്റുകയുള്ളുവെന്നും ഒരു ഹിന്ദു സംഘടനയുണ്ടാക്കി അതില്‍ പ്രവര്‍ത്തിക്കാന്‍ എന്‍.എസ്.എസ് നയം അനുവദിക്കുന്നില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
മതേതരമായ എന്‍.എസ്.എസ് ഒരു ഹിന്ദു വകഭേദമാണ്. ഹൈന്ദവ ഐക്യത്തിനായി ഇപ്പോള്‍ വാദിക്കുന്നവര്‍ ഹിന്ദുക്കള്‍ക്കായി ഒന്നും ചെയ്തിട്ടില്ല. എന്നാല്‍ ഹിന്ദുക്കളുടെ പൊതുവായ ആവശ്യങ്ങള്‍ക്ക് വേണ്ടി എന്‍.എസ്.എസ് എല്ലായ്‌പ്പോഴും നിലകൊണ്ടിട്ടുണ്ടെന്ന് ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം സമര്‍ഥിച്ചു.
ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമാകാന്‍ എന്‍.എസ്.എസ് ഒരിക്കലും തയ്യാറല്ല. പണ്ടൊരിക്കല്‍ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കി നോക്കിയതാണ്. ഇനി അതിനില്ല. നടക്കാന്‍ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും എന്‍.എഎസ്.എസ് സമദൂരം പാലിക്കും. വിവിധ രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്‍.എസ്.എസിലുണ്ട്. അവര്‍ക്കാര്‍ക്കും മത്സരിക്കുന്നതിന് വിലക്കില്ല. എന്നാല്‍ എന്‍.എസ്.എസ് എന്ന ലേബല്‍ ഉപയോഗിക്കാന്‍ പാടില്ല. അദ്ദേഹം വ്യക്തമാക്കി.
എന്‍.എസ്.എസ് നിലകൊണ്ടത് മതേതരത്വത്തിനും സാമൂഹ്യ നീതിക്കും വേണ്ടിയാണ്. എന്‍.എസ്.എസിന്റെ സംഭവനകള്‍ മറക്കരുത്. ഒരു സമുദായത്തോടോ രാഷ്ട്രീയത്തോടോ ചേര്‍ന്നല്ല എന്‍.എസ്.എസ് ശക്തി പ്രാപിച്ചത്. എല്ലാക്കാലത്തും സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരെ പ്രതികരിക്കുക എന്നത് എന്‍.എസ്.എസിന്റെ നയമാണ്. ഒരു പാര്‍ട്ടിക്കും എന്‍.എസ്.എസ് എതിരല്ല.
എന്‍.എസ്.എസിന് രാഷ്ട്രീയമില്ല. പക്ഷ രാഷ്ട്രീയ നിലപാടുകളുണ്ട്. വിവിധ സര്‍ക്കാരുകളെക്കൊണ്ട് എന്‍.എസ്.എസിന്റെ നിലപാടുകള്‍ അംഗീകരിപ്പിക്കാന്‍ എന്‍.എസ്.എസിന് സാധിച്ചിട്ടുണ്ട്.
സംവരണ പ്രശ്‌നത്തില്‍ മാത്രമെ ഇതുവരെ പരിഹാരമുണ്ടാതിരുന്നിട്ടുള്ളു. സംവരണ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. കേന്ദ്രസര്‍ക്കാരിന് മുന്നില്‍ എന്‍.എസ്.എസ് ഇക്കാര്യങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. സംവരണ പ്രശ്‌നത്തില്‍ എന്‍.എസ്.എസ് നിലപാടില്‍ മാറ്റമില്ല.
സംവരണ സംവരണേതര സമുദായങ്ങളിലെ പാവങ്ങള്‍ക്ക് നീതി ലഭിക്കണമെങ്കില്‍ ഇന്നത്തെ വികലമായ സംവരണ നയം പൊളിച്ചെഴുതിയേ പറ്റൂ എന്നാണ് എന്‍.എസ്.എസ് നിലപാടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.