ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസട്രേറ്റ് കോടതിയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം.
കേസിന്റെ വിചാരണയ്‌ക്കെത്തിയ പ്രതികള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം സംഘട്ടനത്തില്‍ കലാശിക്കുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിച്ച ആലപ്പുഴ ട്രാഫിക് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അനില്‍കുമാറിനാ(48)ണ് മര്‍ദനമേറ്റത്. ഇദ്ദേഹത്തെ ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ ആര്യാട് പഞ്ചായത്ത് 11-ാം വാര്‍ഡ് പുതുവല്‍ നന്ദു (20), പനവേലില്‍ മിഥുന്‍ (21) എന്നിവരെ പോലീസ് അറസ്റ്റുചെയ്തു. നന്ദു രണ്ട് കൊലക്കേസുകളില്‍ പ്രതിയാണ്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:
2012-ല്‍ നാടകസംഘത്തെ ആക്രമിച്ച കേസിലെ ഏഴാം പ്രതിയായ ജയ്‌മോന്‍ വ്യാഴാഴ്ച കേസുമായി ബന്ധപ്പെട്ട് കോടതിയിലെത്തിയിരുന്നു. മുന്‍വൈരത്തിന്റെ പേരില്‍ നന്ദുവും മിഥുനും ചേര്‍ന്ന് ജയ്‌മോനെ കോടതിവരാന്തയില്‍വച്ച് ആക്രമിച്ചു.
ഈ സമയം കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന അനില്‍കുമാര്‍ സംഘട്ടനത്തില്‍ ഇടപെട്ടപ്പോള്‍ നന്ദുവും മിഥുനും ചേര്‍ന്ന് മര്‍ദിച്ചു. കോടതിക്കെട്ടിടത്തിലെ ജനല്‍ച്ചില്ലുകളിലൊന്ന് സംഘട്ടനത്തിനിടെ തകര്‍ന്നു.
നെറ്റിയില്‍ മുറിവേറ്റ അനിലിനെ ഉടന്‍ ആസ്പത്രിയിലേക്കു കൊണ്ടുപോയി. പ്രതികളെ മറ്റു പോലീസുകാരും അഭിഭാഷകരും ചേര്‍ന്ന് തടഞ്ഞുവച്ചു.
വിവരമറിഞ്ഞെത്തിയ പോലീസ് സംഘം പ്രതികളെ കസ്റ്റഡിയിലെടുത്തു. ഇതിനിടെയാണ് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ രക്ഷപ്പെട്ടത്. നന്ദുവിനും മിഥുനുമെതിരെ വധശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.കസ്റ്റഡിയിലെടുക്കുമ്പോള്‍ യുവാക്കള്‍ മയക്കുമരുന്നിന്റെ ലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.