തിരുവനന്തപുരം: പ്രളയബാധിതര്‍ക്കായി കേന്ദ്രം അനുവദിച്ച സബ്‌സിഡിയില്ലാത്ത അരിയും മണ്ണെണ്ണയും സ്വീകരിക്കാന്‍ കേരളം തീരുമാനിച്ചു. കേന്ദ്രം അനുവദിച്ച 89540 മെട്രിക് ടണ്‍ അരിയെടുക്കുന്നതിന് കേരളം നടപടി തുടങ്ങി. അതേസമയം ലിറ്ററിന് 70 രൂപയ്ക്ക് അനുവദിച്ച മണ്ണെണ്ണ ലിറ്ററിന് 38.54 രൂപയാക്കി കേന്ദ്രം കുറച്ചിട്ടുണ്ട്.
അരി സൗജന്യമായും മണ്ണെണ്ണ സബ്‌സിഡി നിരക്കിലും നല്‍കണമെന്ന് കാട്ടി മുഖ്യമന്ത്രിയും ഭക്ഷ്യമന്ത്രിയും കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. പക്ഷെ ഇതേവരെ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടി ഉണ്ടായിട്ടില്ല. ഒരുമാസത്തെ സൗജന്യ റേഷന്‍ പ്രളയബാധിത പ്രദേശങ്ങളില്‍ നല്‍കുന്നതിന് വേണ്ടിയാണ് കേരളം അരി ആവശ്യപ്പെട്ടത്.
എന്നാല്‍ വിപണി താങ്ങുവിലയ്ക്കാണ് കേന്ദ്രം കേരളത്തിന് അരി അനുവദിച്ചിരിക്കുന്നത്. കേന്ദ്രം അരി അനുവദിക്കുകയും സംസ്ഥാനം അത് സ്വീകരിക്കാതിരിക്കുകയും ചെയ്താല്‍ അത് പിന്നീട് തിരിച്ചടിയുണ്ടാക്കും എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം അരി സ്വീകരിക്കാനുള്ള തീരുമാനം എടുത്തത്. അരി കൈപ്പറ്റുന്നതിനുള്ള നടപടികള്‍ ഭക്ഷ്യവകുപ്പ് തുടങ്ങിയിട്ടുണ്ട്.
ലിറ്ററിന് 70 രൂപയ്ക്ക് സബ്‌സിഡിയില്ലാതെയാണ് കേരളത്തിന് മണ്ണെണ്ണ അനുവദിച്ചിരുന്നത്. ഇത് സബ്‌സിഡി നിരക്കിലേക്ക് കുറച്ചിട്ടില്ല. അതേസമയം ഇത് 38.54 രൂപ എന്ന നിരക്കിലേക്ക് കേന്ദ്രം മാറ്റിയിട്ടുണ്ട്. ഇത് ജനങ്ങളിലേക്കെത്തുമ്പേള്‍ 42 രൂപയോളമാകും. കൈകാര്യം ചെയ്യുന്നതിനുള്ള ചിലവുകൂടി കണക്കിലെടുത്താണ് ഇത്രത്തോളം വര്‍ധനവ് വരുന്നത്. എന്നാല്‍ ഈ ചിലവ് ഭക്ഷ്യവകുപ്പ് വഹിക്കുമെന്നാണ് വിവരം.
Share this Article
Related Topics