'കേരളത്തിന്റെ സ്വന്തം കനയ്യകുമാര്‍'- പൗരത്വ നിയമ ഭേദഗതിക്കെതിരെ കോഴിക്കോട് നടന്ന ഭാരത് ബച്ചാവോ സമരത്തില്‍ ആസാദി മുദ്രാവാക്യം വിളിച്ച മനു അര്‍ജുനെ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ വിശേഷിപ്പിച്ചത് ഇങ്ങനെയായിരുന്നു. മുദ്രാവാക്യം വിളിക്കുന്ന ദൃശ്യം പങ്കുവെച്ചുകൊണ്ടായിരുന്നു കോഴിക്കോട് ലോ കോളേജിലെ നിയമ വിദ്യാര്‍ഥിയും കെ എസ് യു ജില്ലാ സെക്രട്ടറിയുമായ മനു അര്‍ജുനെ കേരളത്തിന് ശശി തരൂര്‍ പരിചയപ്പെടുത്തിയത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ മനുവിനെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.
പ്രതിഷേധ സമരങ്ങള്‍ക്കിടയില്‍ മുദ്രാവാക്യം വിളിക്കാനുള്ള അവസരം മനുവിനെ തേടിയെത്തുന്നത് അപ്രതീക്ഷിതമായാണ്. 'എന്നോട് നേരത്തെ പറഞ്ഞിരുന്നില്ല. സദസ്സിനെ ഒന്നു ആവേശത്തിലാക്കാന്‍ വേണ്ടി സിദ്ദിഖ് ഇക്കയാണ് എന്നോട് മുദ്രാവാക്യം വിളിക്കാമോ എന്ന് ചോദിച്ചത്. പഠിക്കുന്ന ക്യാമ്പസില്‍ പോലും ഞാന്‍ വിളിക്കാത്ത മുദ്രാവാക്യമാണ് അന്ന് ഞാന്‍ വിളിച്ചത്. ഈ ഒരു സാഹചര്യത്തില്‍ ഏറ്റവും അനുയോജ്യമായ മുദ്രാവാക്യം ഇതാണെന്ന് തോന്നിയതുകൊണ്ടാണ് ആസാദി വിളിച്ചത്. കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയകക്ഷി പലതരത്തിലും നമ്മുടെ സ്വാതന്ത്ര്യം നശിപ്പിക്കുന്നുണ്ടെന്ന് എനിക്ക് തോന്നിയതുകൊണ്ടാണ് ഞാനത് വിളിച്ചത്', മനു അര്‍ജുന്‍ പറയുന്നു.
രാഷ്ട്രീയപരമായി കനയ്യ കുമാര്‍ സ്വാധീനിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ പ്രസംഗവും സമരരീതികളും മനുവിനെ ആകര്‍ഷിച്ചിരുന്നു. 'പ്രത്യയശാസ്ത്രപരമായി അല്ലെങ്കില്‍ പോലും, നമുക്ക് ഒരാളുടെ പ്രസംഗത്തിനോടോ അയാള്‍ ചെയ്തിട്ടുള്ള ഏതെങ്കിലും ഒരു സമരത്തിനോടോ മാത്രമായിട്ട് ആരാധന തോന്നിയേക്കാം. അങ്ങനെയുള്ള രീതിയില്‍ കനയ്യ കുമാര്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്.' ആസാദി കേരളത്തിലെ യുവത്വം ഏറ്റെടുക്കുമെന്നോ, ടെലിവിഷന്‍ ചാനലുകളിലും സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയാകുമെന്നോ മനു കരുതിയതല്ല. ആവേശത്തോടെ മനു വിളിച്ച ആസാദി മുദ്രാവാക്യം ശശി തരൂരുള്‍പ്പടെയുള്ള നേതാക്കളും ജനങ്ങളും ഏറ്റുവിളിച്ചു.
ഹേ ഹഖ് ഹമാരാ - ആസാദീ
ഹം ലേകര്‍ രഹേംങ്കെ - ആസാദീ
ദങ്കായിയോ സെ - ആസാദീ
...............................................
'സദസ്സിനെ എനിക്ക് വിശ്വാസമുണ്ടായിരുന്നു. കാരണം കോഴിക്കോടാണ്, ഞാന്‍ കെ എസ് യു ജില്ലാ സെക്രട്ടറിയാണ്. എനിക്കറിയാവുന്ന കുറേ പ്രവര്‍ത്തകര്‍ അവിടെ ഉണ്ടായിരുന്നു. ക്യാമ്പില്‍ പലപ്പോഴും മുദ്രാവാക്യ മത്സരമൊക്കെ ഉണ്ടാകാറുണ്ട്, അപ്പോഴൊക്കെ അവര്‍ എന്നെ ഏറ്റുവിളിക്കാറുള്ളതാണ്. അതുകൊണ്ട് അവരെ എനിക്ക് വിശ്വാസമുണ്ടായിരുന്നു. എന്നാല്‍ ശശി തരൂര്‍ ഉള്‍പ്പടെ നേതാക്കള്‍ അതേറ്റുവിളിച്ചു. ഇറങ്ങാന്‍ നേരം എവിടെ നിന്നാണ് ഹിന്ദി പഠിച്ചത് എന്ന് ശശി തരൂര്‍ സാര്‍ ചോദിച്ചു.'
മനുവിന്റെ അമ്മ ജയലക്ഷ്മി ഹിന്ദി ടീച്ചറായിരുന്നു. വളരെ ചെറുപ്പംമുതല്‍ അമ്മയുടെ ക്ലാസില്‍ പോയിരിക്കുന്ന പതിവ് മനുവിന് ഉണ്ടായിരുന്നു. ഹിന്ദിയോടുള്ള ഇഷ്ടം തുടങ്ങുന്നത് അങ്ങനെയാണ്. എന്‍ജിനീയറിങ് പഠനം ഉപേക്ഷിച്ച കാലത്ത് കുറച്ചുകാലം കാള്‍സെന്ററിലും മനു ജോലി ചെയ്തിട്ടുണ്ട്. അവിടെ ഹിന്ദി സംസാരിച്ചിരുന്ന പരിചയവും സഹായകമായി.
മുദ്രാവാക്യം വിളിക്കുന്ന അതേ ആവേശത്തോടെയാണ് മനു ജീവിതത്തെയും നേരിട്ടിട്ടുള്ളത്. വളരെ ചെറുപ്പത്തില്‍ തന്നെ മനുവിന്റെ അച്ഛന്‍ മരണപ്പെട്ടു. അമ്മയാണ് മനുവിന് പിന്നീട് വഴികാട്ടിയായത്. രാഷ്ട്രീയത്തില്‍ തല്പരയായിരുന്ന അമ്മ മനുവിലും ആ താല്പര്യമുണ്ടാക്കി. എന്‍ജിനീയറിങ്ങിന് ചേര്‍ന്നെങ്കിലും തുടര്‍ന്ന് പഠിക്കാനായില്ല. ആ ഇടവേളയില്‍ സ്വന്തം കാലില്‍ നില്‍ക്കണമെന്ന ചിന്തയില്‍ കാള്‍ സെന്ററില്‍ ജോലിക്ക് ചേര്‍ന്നു. അതിനിടയിലാണ് എല്‍എല്‍ബി എന്‍ട്രസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്. ജോലി കഴിഞ്ഞുള്ള ഒഴിവുനേരങ്ങളില്‍ പഠിച്ച് പരീക്ഷ പാസ്സായി, കോഴിക്കോട് ലോ കോളേജില്‍ എത്തി.
'ഇവിടെയെത്തുമ്പോള്‍ രാഷ്ട്രീയത്തില്‍ സജീവമാകണം എന്നുകരുതിയതല്ല. എന്നാല്‍ ഒരു പൊളിറ്റിക്കല്‍ ഐഡന്റിറ്റി വേണമെന്ന് ഞാന്‍ കരുതിയിരുന്നു. സത്യത്തില്‍ ഇവിടെയുള്ള വിദ്യാര്‍ഥികളാണ് എന്നെ മോട്ടിവേറ്റ് ചെയ്ത് മുന്നോട്ട് കൊണ്ടുവന്നത്. അങ്ങനെ രാഷ്ട്രീയത്തിലേക്ക് വരികയും ഇപ്പോള്‍ ജില്ലാകമ്മിറ്റിയില്‍ എത്തുകയും ചെയ്തു.' ഇപ്പോഴും സാമ്പത്തികമായി ആരെയും ആശ്രയിക്കാന്‍ മനുവിന് താല്പര്യമില്ല. ചെറിയ ബിസിനസ് ഒക്കെ ചെയ്താണ് പഠനവുമായി മുന്നോട്ട് പോകുന്നത്. ഒരു ക്രിമിനല്‍ അഭിഭാഷകനാകണമെന്നാണ് മനുവിന്റെ ആഗ്രഹം. രാഷ്ട്രീയത്തില്‍ സജീവമാകണമെന്നും ജനങ്ങള്‍ക്കായി തന്നാല്‍ കഴിയുന്ന സേവനങ്ങള്‍ ചെയ്യണമെന്നുമുണ്ട്.
Content Highlights: Kerala’s own kanhaiyakumar! Law student Manu Arjun