പി.എസ്.സി.യുടെ നിലവിലുള്ള വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി പ്രസിദ്ധീകരിച്ച ഏകീകൃത റാങ്ക്പട്ടികയ്ക്ക് ഇതോടെ സാധുത കൈവന്നു. പ്രാഥമിക പരീക്ഷയില്‍ 49 മാര്‍ക്ക് നേടാത്ത സംവരണ വിഭാഗക്കാരെ ഉപപട്ടികയിലേക്ക് മാറ്റണമെന്നാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടത്. നൂറിലേറെ പേജുകളില്‍ വിശദമായി വിവരിച്ച് ഹൈക്കോടതി ഈ വിധി ശരിവെക്കുകയും ചെയ്തിരുന്നു. ട്രൈബ്യൂണലിന്റെ വിധിക്കെതിരെ അപ്പീല്‍ നല്‍കിയ പി.എസ്.സി., ഹൈക്കോടതി വിധി അംഗീകരിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. പക്ഷെ തുടര്‍ നടപടികള്‍ മാസങ്ങളോളം പി.എസ്.സി. വൈകിപ്പിച്ചു.
ഏകീകൃതപട്ടികയുടെ അടിസ്ഥാനത്തില്‍ നിയമനം നേടിയവര്‍ ഇതിനിടെ സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. ജസ്റ്റിസ് ജെ.ചെലമേശ്വറും അഭയ് മനോഹര്‍ സാപ്രെയും അടങ്ങുന്ന ബെഞ്ചാണ് വാദം കേട്ടത്. നോണ്‍-റിപ്പോര്‍ട്ടബിള്‍ എന്ന വിഭാഗത്തിലുള്‍പ്പെടുത്തിയാണ് വിധി പ്രസ്താവിച്ചത്.
ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ് സുപ്രീംകോടതി വിധിയെന്ന് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ ഏകീകൃത റാങ്ക്പട്ടികകള്‍ പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന് പി.എസ്.സി. തീരുമാനിച്ചിരുന്നു. കേരള സര്‍വീസ് റൂള്‍ 14-ാം ചട്ടത്തിന്റെ ലംഘനമാണ് ഏകീകൃതപട്ടികയെന്നാണ് പി.എസ്.സി. യോഗം വിലയിരുത്തിയത്. പൊതുവിഭാഗത്തിലെ മുന്നാക്കക്കാരുടെയും പ്രാഥമിക പരീക്ഷയ്ക്ക് ഉയര്‍ന്ന മാര്‍ക്കു നേടിയ സംവരണ വിഭാഗക്കാരുടേയും സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നതാണ് ഇത്തരം ഏകീകൃതപട്ടികകളെന്നും വാദമുണ്ടായി. ഡെപ്യൂട്ടി കളക്ടര്‍, ഡി.ഇ.ഒ. നിയമനങ്ങള്‍ക്ക് ആദ്യം ഏകീകൃത റാങ്ക്പട്ടിക പ്രസിദ്ധീകരിച്ചത് പിന്നീട് മുഖ്യപട്ടികയും ഉപപട്ടികയുമാക്കി പി.എസ്.സി. പുനഃക്രമീകരിക്കുകയും ചെയ്തിരുന്നു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ ഈ നടപടികളെല്ലാം തിരുത്തേണ്ടിവരും.
പ്രാഥമിക പരീക്ഷയില്‍ സംവരണത്തിന്റെ ആനുകൂല്യം നേടി പ്രധാനപരീക്ഷക്ക് അര്‍ഹത നേടുന്നവര്‍ അതിന്റെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ റാങ്ക്പട്ടികയില്‍ മുന്നിലെത്തുന്നത് ഇരട്ട ആനുകൂല്യത്തിന് തുല്യമാകുമെന്നാണ് ട്രൈബ്യൂണലും ഹൈക്കോടതിയും വിധിച്ചത്. ഇത് സംവരണത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് തന്നെ വിരുദ്ധമാണെന്നാണ് കീഴ്‌ക്കോടതികള്‍ കണ്ടെത്തിയത്. അതിനാല്‍ സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി ഫയല്‍ ചെയ്യാനുള്ള നീക്കം ഉദ്യോഗാര്‍ത്ഥികള്‍ ആരംഭിച്ചിട്ടുണ്ട്.