ചെങ്ങന്നൂർ: മൂന്നുദിവസത്തെ കാത്തിരിപ്പിന് അറുതിയായി. മാതൃഭൂമി വാർത്തയെ തുടർന്ന് രത്‌നമ്മയ്ക്ക് തന്റെ ജീവനായ ഇഷാൻ എന്ന ഒരു വയസുകാരൻ പട്ടിയെ തിരിച്ചു കിട്ടി. മാന്തുകയിൽ ഉള്ള കുടുംബമാണ് ഇഷാനെ തിരികെ ഏൽപ്പിച്ചത്. ബംഗാളി ജോലിക്കാരനാണ് പഗ് ഇനത്തിൽപ്പെട്ട പട്ടിയെ തങ്ങൾക്ക് നൽകിയതെന്ന് ഇവർ പറഞ്ഞു.
വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമാണ് കുളനടയിലെ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന പട്ടിയെ കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിലൊന്നും ഫലം കാണാത്തതിനെ തുടർന്ന് മാതൃഭൂമിയിൽ പരസ്യം നൽകി. ചെങ്ങന്നൂർ പോലീസിൽ പരാതിപ്പെടുകയും ചെയ്തു. ഇഷാനെ കാണാതായതിന്റെ ദുഃഖം സഹിക്കാൻ വയ്യാതെ എഴുപത്തിയൊന്നുകാരി രത്‌നമ്മ കിടപ്പിലായി.
സ്വന്തം കുഞ്ഞിനെപ്പോലെയാണ് ഇഷാനെ രത്‌നമ്മയും മകൾ അഞ്ജുവും വളർത്തിയിരുന്നത്. മാതൃഭൂമി വാർത്തയെ തുടർന്ന് ഇഷാനെ കണ്ടെടുക്കാൻ ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ ശക്തമായ ഇടപെടലുണ്ടായി. ചെങ്ങന്നൂരിലെ മൃഗസ്‌നേഹികളുടെ കൂട്ടായ്മ നായയ്ക്ക് വേണ്ടി വിവിധയിടങ്ങളിൽ തിരച്ചിലും നടത്തി. ചൊവ്വാഴ്ച വൈകീട്ട് മാന്തുകയിൽ ഉള്ള കുടുംബം ഇഷാനെ രത്‌നമ്മയുടെ വീട്ടിൽ കൊണ്ടുനൽകി. ഇതോടെ രത്‌നമ്മയ്ക്കും കുടുംബത്തിനും ഏറെ ആശ്വാസമായി.
Content Highlights: The end of a three-day wait; Ratnamma got Ishaan back
Share this Article