പുകയ്ക്കാനുള്ള സൗകര്യമില്ലാത്ത ഭൂരിപക്ഷം കര്‍ഷകരും ഉല്പാദിപ്പിക്കുന്ന റബ്ബറാണ് ഇപ്പോള്‍ അഞ്ചാംഗ്രേഡായി കണക്കാക്കുന്നത്. വാഷ് എന്നുകൂടി അറിയപ്പെടുന്ന ഈയിനത്തില്‍ ഭൂരിഭാഗവും കഴുകി പുകകൊള്ളിച്ചാല്‍ ആര്‍.എസ്.എസ്. 4 ആക്കാം. ഇതിനും പക്ഷേ, കര്‍ഷകര്‍ക്ക് നിലവില്‍ 92 രൂപയേ ലഭിക്കുന്നുള്ളൂ.
റബ്ബര്‍ ഉല്പാദനം ഏറ്റവും കൂടേണ്ട സമയമാണിത്. നവംബര്‍, ഡിസംബര്‍, ജനവരി മാസങ്ങളാണ് പ്രധാന ഉല്പാദനസീസണ്‍. പക്ഷേ, മഴയും വിലക്കുറവുംമൂലം കര്‍ഷകര്‍ ഉല്പാദനം കുറച്ചു. ഈവര്‍ഷം ഉല്പാദനം 40 ശതമാനം കുറഞ്ഞ് ആറുലക്ഷം ടണ്ണായി താഴുമെന്നാണു കരുതുന്നത്. ഉല്പാദനം കുറയുമ്പോള്‍ സ്വാഭാവികമായും വില ഉയരേണ്ടതാണ്. എന്നാല്‍, ഇവിടെ ഉല്പാദനം കുറയുന്നതനുസരിച്ച് ഇറക്കുമതി കൂടുന്നതിനാല്‍ അങ്ങനെ സംഭവിക്കുന്നില്ല.
2014-15ല്‍ 4,42,126 ലക്ഷം ടണ്‍ റബ്ബര്‍ ഇറക്കുമതി ചെയ്‌തെന്നാണു കണക്ക്. ഇത് സര്‍വകാലറെക്കോഡാണ്. ഇപ്പോഴത്തെ വിലയിടിവിന് പ്രധാന കാരണം ഇറക്കുമതിയാണെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു.
വിദേശത്ത് വിലകുറച്ചു കിട്ടുന്ന ലാറ്റക്‌സ് ക്രമ്പാണ് ബ്ലോക്ക് റബ്ബര്‍ എന്നപേരില്‍ ചില ടയര്‍ കമ്പനികള്‍ വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്നത്. ഇതിന് ഇവിടെ ഉല്പാദിപ്പിക്കുന്ന റബ്ബറിനെക്കാള്‍ വിലക്കുറവും ഗുണംകൂടുതലുമാണെന്ന വാദമാണ് ഇറക്കുമതിക്കാര്‍ ഉന്നയിക്കുന്നത്. ചുങ്കം അടച്ച് കൊണ്ടുവന്നാല്‍പ്പോലും ഇറക്കുമതി ലാഭകരമാണെന്നും അവര്‍ പറയുന്നു.
സാധാരണഗതിയില്‍ ഇവിടെ ഉല്പാദനസീസണ്‍ തുടങ്ങുമ്പോള്‍ വലിയ കമ്പനികള്‍ ഇറക്കുമതി നിര്‍ത്തുമായിരുന്നു. ഇത്തവണ സീസണിലും ഇറക്കുമതി തുടരുകയാണ്. ക്രൂഡ് വിലയിടിവാണ് റബ്ബര്‍വില താഴ്ത്തുന്ന മറ്റൊരു ഘടകം. ക്രൂഡോയിലില്‍നിന്നുള്ള ഉപോല്പന്നമായ സിന്തറ്റിക് റബ്ബര്‍, എല്ലാ റബ്ബര്‍ ഉല്പന്നങ്ങളും ഉണ്ടാക്കാന്‍ വന്‍തോതില്‍ ഉപയോഗിക്കുന്നു.
കിലോഗ്രാമിന് 248 രൂപവരെ ലഭിച്ചിരുന്നിടത്തുനിന്ന്, 2013 മുതലാണ് റബ്ബര്‍വില കുറഞ്ഞുതുടങ്ങിയത്. എല്ലാ ഗ്രേഡുകളുടെയും വില ആനുപാതികമായി കുറഞ്ഞു. ഒട്ടുപാല്‍വിലയുടെ സ്ഥിതിയും ഇതുതന്നെ. ലാറ്റക്‌സ് വിലയും താഴ്ന്നു. റബ്ബര്‍വില പകുതിയിലേറെ കുറഞ്ഞിട്ടും അതില്‍നിന്നുള്ള ഉല്പന്നങ്ങള്‍ക്ക്, പ്രത്യേകിച്ച് ഏറ്റവുംകൂടുതല്‍ റബ്ബര്‍ ഉപയോഗിക്കുന്ന ടയറുകള്‍ക്ക് വില ഒട്ടും താഴുന്നില്ല. അവരുടെ ലാഭം കൂടുകയാണെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
കേരളസര്‍ക്കാര്‍ കൊണ്ടുവന്ന ഉത്തേജകപാക്കേജിനും വില പിടിച്ചുനിര്‍ത്താനായില്ല. കര്‍ഷകര്‍ക്ക് ഒരുകിലോ റബ്ബറിന് 150 രൂപയെങ്കിലും ലഭ്യമാക്കാനുള്ള പദ്ധതിയാണ് കേരളസര്‍ക്കാര്‍ നടപ്പാക്കിയത്. പക്ഷേ, അതെല്ലാം വെള്ളത്തില്‍ വരച്ചതുപോലെയായി.
റബ്ബര്‍ക്കൃഷിയുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന എല്ലാ മേഖലയിലും വിലയിടിവ് വലിയ പ്രതിസന്ധിക്കിടയാക്കിയിരിക്കുന്നു. ഈ സാഹചര്യത്തില്‍, മാറിമാറിവരുന്ന പ്രഖ്യാപനങ്ങളിലേതെങ്കിലും പിടിവള്ളിയാകുമോയെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.
കേന്ദ്രസര്‍ക്കാര്‍ പുതുതായി പ്രഖ്യാപിച്ച വിള ഇന്‍ഷുറന്‍സ് പദ്ധതിയെ ആനിലയിലാണ് കര്‍ഷകര്‍ കാണുന്നത്. ഇതിനൊപ്പം, ഏതു തുറമുഖത്തില്‍ക്കൂടിയും റബ്ബര്‍ ഇറക്കുമതിചെയ്യുന്ന രീതി നിര്‍ത്തണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു. തിരഞ്ഞെടുത്ത തുറമുഖത്തിലൂടെ മാത്രമായി ഇറക്കുമതി പരിമിതപ്പെടുത്തണം.
അവധിവ്യാപാരം നിര്‍ത്തണമെന്നതാണ് മറ്റൊരു ആവശ്യം. അവധിവ്യാപാരംവഴി ആസൂത്രിതമായി വിലയിടിക്കുന്നെന്നാണ് പരാതി.
റബ്ബര്‍കൂടിച്ചേര്‍ത്ത ടാര്‍, റോഡുപണിക്ക് ഉപയോഗിക്കണമെന്നും കര്‍ഷകര്‍ പറയുന്നു. റബ്ബര്‍ ഉപയോഗിക്കുന്ന എല്ലാ ഫാക്ടറികള്‍ക്കും പ്രോത്സാഹനം നല്‍കി, കൃഷിയുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്നും കര്‍ഷകര്‍ നിര്‍ദേശിക്കുന്നു.