തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന് ഇനി കഷ്ടിച്ച് ഒരുമാസം. നവംബര്‍ രണ്ടിനും അഞ്ചിനും ഏഴ് ജില്ലകളില്‍ വീതം വോട്ടെടുപ്പ് നടത്തും. ഏഴിന് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ അടിത്തട്ടിലെ നിര്‍ണായക രാഷ്ട്രീയപോരാട്ടത്തിന് കളമൊരുങ്ങിക്കഴിഞ്ഞു.
നവംബര്‍ രണ്ടിന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വോട്ടെടുപ്പ് നടക്കും. അഞ്ചിന് പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും.
തിരഞ്ഞെടുപ്പ് വിജ്ഞാപനം ഏഴിനാണെങ്കിലും തീയതി പ്രഖ്യാപിച്ചതിനാല്‍ ശനിയാഴ്ച മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ കെ. ശശിധരന്‍ നായര്‍ അറിയിച്ചു.
രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാന്‍ ഇനി രണ്ടാഴ്ചപോലും സമയമില്ല. ഒക്ടോബര്‍ ഏഴു മുതല്‍ 14 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 15നാണ് പത്രികകളുടെ സൂക്ഷ്മപരിശോധന. 17 വരെ പത്രിക പിന്‍വലിക്കാം.
ഇരുമുന്നണികളും എസ്.എന്‍.ഡി.പി.യോഗവുമായി ചേര്‍ന്ന് മൂന്നാംമുന്നണി പരീക്ഷിക്കാനിറങ്ങുന്ന ബി.ജെ.പി.യും അരയും തലയും മുറുക്കി രംഗത്തുള്ളതിനാല്‍ ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിന് വീറും വാശിയുമേറും. ഭരണത്തുടര്‍ച്ച മോഹിക്കുന്ന യു.ഡി.എഫിന് ഈ വിജയം നിര്‍ണായകമാണ്. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം പൊതു തിരഞ്ഞെടുപ്പുകളിലൊന്നും മുന്‍തൂക്കം നേടിയിട്ടില്ലാത്ത എല്‍.ഡി.എഫിനാകട്ടെ ഇത്തവണ മേല്‍ക്കൈ നേടിയേ തീരൂ. വരാനിരിക്കുന്ന മൂന്നാംമുന്നണിക്ക് ഈ തിരഞ്ഞെടുപ്പ് നിലനില്‍പ്പിന്റെ ഉരകല്ലാവും.
941 ഗ്രാമപ്പഞ്ചായത്തുകളിലും 152 ബ്ലോക്ക് പഞ്ചായത്തുകളിലും 14 ജില്ലാപഞ്ചായത്തുകളിലും മട്ടന്നൂര്‍ ഒഴികെയുള്ള 86 മുനിസിപ്പാലിറ്റികളിലും ആറ് കോര്‍പ്പറേഷനുകളിലുമാണ് തിരഞ്ഞെടുപ്പ്. ഇതില്‍ 28 മുനിസിപ്പാലിറ്റികളും കണ്ണൂര്‍ കോര്‍പ്പറേഷനും പുതുതായി രൂപവത്കരിച്ചതാണ്. ഈ 1119 തദ്ദേശസ്ഥാപനങ്ങളില്‍ നിന്നായി 21,871 ജനപ്രതിനിധികളെ തിരഞ്ഞെടുക്കണം. 50 ശതമാനത്തില്‍ കുറയാത്ത സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.
വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനി തീരെ സാവകാശമില്ല. ഓണ്‍ലൈനിലൂടെ പേര് ചേര്‍ക്കാന്‍ തിങ്കളാഴ്ചവരെ മാത്രമേ സമയമുള്ളൂ. ഇതിനകം പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ 2,49,88,498 വോട്ടര്‍മാരുണ്ട്. ഇതില്‍ 1,20,07,115 പേര്‍ സ്ത്രീകളും 1,20,07,115 പേര്‍ പുരുഷന്‍മാരുമാണ്. ഇത്തവണ പ്രവാസികളെ പ്രത്യേകം ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാട്ടിലുണ്ടെങ്കില്‍ ഇവര്‍ക്ക് വോട്ടിടാം.
ഗ്രാമ, നഗരവ്യത്യാസമില്ലാതെ എല്ലായിടത്തും ഇത്തവണ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രമാണ് ഉപയോഗിക്കുന്നത്. നഗരങ്ങളില്‍ ഒരു വോട്ട് മാത്രം രേഖപ്പെടുത്തിയാല്‍ മതി. ഗ്രാമങ്ങളില്‍ ത്രിതല പഞ്ചായത്തുകളിലേക്ക് മൂന്ന് വോട്ടുകള്‍ ഒരേസമയം രേഖപ്പെടുത്താവുന്ന മള്‍ട്ടി പോസ്റ്റിങ് യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്.
തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള അവസാന തീയതി നവംബര്‍ 17 ആണ്. ഇതിനകം തദ്ദേശ സ്ഥാപനങ്ങളില്‍ പുതിയ ഭരണസമിതികള്‍ അധികാരമേല്‍ക്കുമെന്ന് കമ്മിഷണര്‍ പറഞ്ഞു. സത്യപ്രതിജ്ഞയുടെ തീയതി പിന്നീട് പ്രഖ്യാപിക്കും.
ഒക്ടോബര്‍ 31ന് നിലവിലുള്ള ഭരണസമിതികളുടെ കാലാവധി അവസാനിക്കും. തുടര്‍ന്ന് പുതിയ ഭരണസമിതികള്‍ സത്യപ്രതിജ്ഞ ചെയ്യുന്നതുവരെ ഉദ്യോഗസ്ഥരുടെ ഭരണത്തിലാവും തദ്ദേശ സ്ഥാപനങ്ങള്‍. ഇതിന് സ്‌പെഷല്‍ ഓഫീസര്‍മാരെയോ ഉദ്യോഗസ്ഥരുടെ സമിതിയെയോ സര്‍ക്കാര്‍ ചുമതലപ്പെടുത്തണം.
തുടക്കംമുതല്‍ തര്‍ക്കങ്ങളിലും നിയമയുദ്ധങ്ങളിലും കുടുങ്ങിയ തദ്ദേശ തിരഞ്ഞെടുപ്പ് പ്രതീക്ഷിച്ചതിലും നേരത്തേയാണ് പ്രഖ്യാപിച്ചത്.
ശബരിമല തീര്‍ഥാടന കാലം തുടങ്ങുന്നതിന് മുമ്പ് തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളാണ് കമ്മിഷന്‍ സ്വീകരിച്ചതെന്ന് കമ്മിഷണര്‍ കെ. ശശിധരന്‍ നായര്‍ പറഞ്ഞു. കമ്മിഷന്‍ സെക്രട്ടറി പി.ഗീതയും പത്രസമ്മേളനത്തില്‍ പങ്കെടുത്ത