കൊച്ചി: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശവുമായി ഹൈക്കോടതി. കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവേയാണ് സര്‍ക്കാരിനെതിരെ കോടതി രൂക്ഷമായ പരാമര്‍ശങ്ങള്‍ നടത്തിയത്. നാളികേര വികസന കോര്‍പറേഷനിലെ ജീവനക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ഉത്തരവ് നടപ്പാക്കാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്.
നാളികേര വികസന കോര്‍പറേഷനുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം മുമ്പ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഒരു വര്‍ഷമായിട്ടും ആ ഉത്തരവ് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഈ വിഷയത്തിലെ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ വിമര്‍ശനം വന്നത്.
'ഇങ്ങനെയാണെങ്കില്‍ എന്തിനാണ് കോടതികള്‍ ഉത്തരവുകള്‍ ഇറക്കുന്നത്? വിധിന്യായങ്ങള്‍ എഴുതുന്നതില്‍ അര്‍ഥമില്ല.' മന്ത്രിമാര്‍ക്ക് താത്പര്യം വിദേശയാത്രകളില്‍ മാത്രമാണെന്ന വിമര്‍ശനവും കോടതി നടത്തി. വാക്കാലായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍. ഉദ്യോഗസ്ഥ ലോബിയുടെ ബന്ദികളാണോ സര്‍ക്കാര്‍ എന്നും ഹൈക്കോടതി ചോദിക്കുകയുണ്ടായി.
ഐഎഎസ്സുകാര്‍ എ.സി മുറികളില്‍ ഇരുന്ന് ഉത്തരവുകള്‍ പുറപ്പെടുവിക്കുകയാണ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അവര്‍ തിരിച്ചറിയുന്നില്ല. ഇതിലും ഭേദം പരാതിക്കാരനെ തൂക്കിക്കൊല്ലുകയായിരുന്നു. കോടതിയലക്ഷ്യ ഹര്‍ജിയില്‍ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. സര്‍ക്കാരിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ല. ഉത്തരവുകള്‍ നടപ്പാക്കാന്‍ തയ്യാറാവുന്നില്ല. ഐഎഎസ്സുകാര്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ല. ഇതില്‍ കൂടുതലൊന്നും ഈ സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു
Content Highlights: Nothing more to expect from this government: Says High Court