കോഴിക്കോട്: പ്രളയത്തില്‍ നഷ്ടമായ 450 പേരുടെ ജീവന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ അനാസ്ഥയാണ് പ്രളയമുണ്ടാക്കിയതെന്നും ഇക്കാര്യത്തില്‍ യു.ഡി.എഫ്. നേരത്തെ പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രളയത്തിനു കാരണം ഡാം മാനേജ്‌മെന്റിലെ വീഴ്ചയാണെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെ സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന്റെ മുഖത്തേറ്റ അടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പ്രതികരിച്ചു.
കേരളത്തെ പിടിച്ചുലച്ച മഹാപ്രളയത്തിനുകാരണം ഡാം മാനേജ്‌മെന്റിലെ വീഴ്ചയാണെന്നാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രളയത്തിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ഡാമുകള്‍ തുറന്നത് മാനദണ്ഡങ്ങള്‍ പാലിച്ചല്ലെന്നും അമിക്കസ് ക്യൂറി ജേക്കബ് പി. അലക്‌സ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കണം- എം.കെ മുനീര്‍
തിരുവനന്തപുരം: മഹാപ്രളയത്തില്‍ 483 പേര്‍ മരണപ്പെട്ടതിന്റെ ഉത്തരവാദിത്വം ഇടത് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് മുസ്ലിംലീഗ് നിയമസഭാ കക്ഷി നേതാവ് എം.കെ മുനീര്‍. മനുഷ്യനിര്‍മിത ദുരന്തം വരുത്തിവെച്ച വൈദ്യുതി മന്ത്രിക്കെതിരെ നരഹത്യക്ക് കേസ് എടുക്കണമെന്നും മുനീര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
483 പേരുടെ മരണത്തിന്റെയും ഉത്തരവാദിത്വം സര്‍ക്കാരിനാണെന്നാണ് അമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. ഈ സാഹചര്യത്തില്‍ പിണറായി സര്‍ക്കാരിന് തുടരാന്‍ അര്‍ഹതയില്ല. ബാറുകള്‍ തുറക്കുന്ന ലാഘവത്തോടെ ഡാമുകള്‍ തുറന്നതാണ് ദുരന്തത്തിന് ഇടയാക്കിയത്. ഇക്കാര്യത്തില്‍ ജനങ്ങളോട് മറുപടി പറയാല്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: kerala flood; ramesh chennithala's response on amicus curiae report