5.01 ലക്ഷം കുടുംബങ്ങള്‍ക്ക് 10,000 രൂപവീതം വിതരണം ചെയ്തുവെന്ന് മന്ത്രിസഭാ ഉപസമിതി


2 min read
Read later
Print
Share

1498 കുടുംബങ്ങളിലെ 4857 പേരാണ് ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്

തിരുവനന്തപുരം: പ്രളയബാധികര്‍ക്കുള്ള പതിനായിരം രൂപ വീതമുള്ള സഹായ വിതരണം മിക്കവാറും പൂര്‍ത്തിയായതായി മന്ത്രി സഭാ ഉപസമിതി. സെപ്തംബര്‍ 11 -ന്റെ കണക്കുകള്‍ പ്രകാരം 5.01 ലക്ഷം കുടുംബങ്ങള്‍ക്ക് സഹായം വിതരണം ചെയ്തു കഴിഞ്ഞു. ഇനി 96,500 കുടുംബങ്ങള്‍ക്കാണ് സഹായം നല്‍കാനുള്ളത്. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൃത്യമായി ലഭ്യമാക്കാത്തതും ചില ആവര്‍ത്തനങ്ങളുമാണ് സഹായവിതരണം പൂര്‍ത്തിയാക്കുന്നതിന് പ്രയാസമുണ്ടാക്കിയത്. ഇന്നും നാളെയുമായി സഹായവിതരണം പൂര്‍ത്തിയാകുമെന്നും ഉപസമിതി അറിയിച്ചു.

ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനം സംബന്ധിച്ച് ഇന്നു ചേര്‍ന്ന മന്ത്രിസഭാ ഉപസമിതിയോഗം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു.

മന്ത്രിസഭാ ഉപസമിതി യോഗത്തിലെ മറ്റു​ തീരുമാനങ്ങള്‍

  • ദുരന്തത്തില്‍ തകര്‍ന്ന വീടുകളും സ്‌കൂളുകളും ആശുപത്രികളും സൗജന്യമായി പുനര്‍നിര്‍മ്മിക്കാനും മറ്റു സഹായങ്ങള്‍ ലഭ്യമാക്കാനും തയ്യാറായി വിവിധ ഏജന്‍സികളും സ്ഥാപനങ്ങളും വ്യക്തികളും മുന്നോട്ടുവരുന്നുണ്ട്. ഇവ ഏകോപിപ്പിച്ച് സഹായം നല്ലരീതിയില്‍ പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചു. ഇതിനുവേണ്ടി ആസൂത്രണവകുപ്പ് ഒരു വെബ് പോര്‍ട്ടല്‍ തയ്യാറാക്കുന്നുണ്ട്. സഹായം നല്‍കാന്‍ സന്നദ്ധതയുള്ളവര്‍ക്ക് ഈ പോര്‍ട്ടല്‍ വഴി സര്‍ക്കാരിനെ ബന്ധപ്പെടാവുന്നതാണ്. എവിടെയൊക്കെ, ആര്‍ക്കൊക്കെ അടിയന്തിര സഹായം ആവശ്യമുണ്ട് എന്ന വിവരങ്ങള്‍ ഈ പോര്‍ട്ടലില്‍ നിന്ന് അറിയാന്‍ സാധിക്കും.
  • കിറ്റ് വിതരണം കഴിഞ്ഞ ദിവസം തന്നെ പൂര്‍ത്തിയായിട്ടുണ്ട്. കേരളത്തിന് പുറത്തുനിന്ന് ലഭിച്ച ദുരിതാശ്വാസ സാധനങ്ങളുടെ വിതരണം മാനദണ്ഡപ്രകാരം നടത്തിവരുന്നു.
  • 1498 കുടുംബങ്ങളിലെ 4857 പേരാണ് ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. ആകെ 122 ക്യാമ്പുകള്‍. ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് പകരം മറ്റു കെട്ടിടങ്ങള്‍ അടിയന്തിരമായി കണ്ടെത്തുന്നതാണ്. വെള്ളം കയറിയ വീടുകളുടെ വൃത്തിയാക്കല്‍ മിക്കവാറും പൂര്‍ത്തിയായി. 6.89 ലക്ഷം വീടുകളാണ് ഇതുവരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വൃത്തിയാക്കിയത്. ഇനി 3501 വീടുകളേ ബാക്കിയുള്ളൂ. 3.19 ലക്ഷം കിണറുകള്‍ വൃത്തിയാക്കിയിട്ടുണ്ട്. വെള്ളം ഇറങ്ങാത്ത പ്രദേശങ്ങളില്‍ കുറച്ചു കിണറുകള്‍ കൂടി വൃത്തിയാക്കാന്‍ ബാക്കിയുണ്ട്. 4213 ടണ്‍ ജൈവമാലിന്യമാണ് ഇതുവരെ ശേഖരിച്ചത്. അതില്‍ 4036 ടണ്ണും സംസ്‌ക്കരിച്ചു. 4305 ടണ്‍ അജൈവ മാലിന്യം ശേഖരിച്ചിട്ടുണ്ട്. അവ ഘട്ടം ഘട്ടമായി സംസ്‌ക്കരിക്കും.
  • വെള്ളം കയറി വീട്ടുസാധനങ്ങള്‍ നശിച്ചവര്‍ക്ക് ഒരു ലക്ഷം രൂപ കുടുംബശ്രീ വഴി പലിശരഹിത വായ്പ ലഭ്യമാക്കാനുള്ള നടപടികള്‍ മുന്നോട്ടുപോകുന്നു. സെപ്തംബര്‍ 25 മുതല്‍ വായ്പ നല്‍കിത്തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
  • വിദ്യാലയങ്ങള്‍വഴിയുള്ള ധനസമാഹരണം നല്ലരീതിയില്‍ നടന്നിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ പൂര്‍ണ്ണമായി ലഭിച്ചിട്ടില്ല. രണ്ടായിരം വിദ്യാലയങ്ങളുടെ കണക്ക് ലഭിച്ചപ്പോള്‍ സമാഹരിക്കാന്‍ കഴിഞ്ഞ തുക 2.05 കോടിരൂപയാണ്. മൊത്തം പതിനാറായിരം വിദ്യാലയങ്ങളാണുള്ളത്.
  • നഷ്ടപ്പെട്ട രേഖകളുടെ വിതരണം ആരംഭിച്ചിട്ടുണ്ട്. കുറച്ചു ദിവസങ്ങള്‍ക്കകം രേഖാവിതരണം പൂര്‍ത്തിയാക്കാന്‍ കഴിയും. കേന്ദ്രസര്‍ക്കാരിന്റെ മാനദണ്ഡപ്രകാരം വീടുകള്‍ക്കുണ്ടായ നഷ്ടത്തിനാണ് സാമ്പത്തിക സഹായം നല്‍കുന്നത്. എന്നാല്‍ മറ്റു കെട്ടിടങ്ങള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും ഉണ്ടായ നഷ്ടം കൂടി കണക്കാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
  • കേന്ദ്രസര്‍ക്കാരിന്റെ ദേശീയ ദുരന്ത പ്രതികരണ നിധി (എന്‍.ഡി.ആര്‍.എഫ്.) മാനദണ്ഡപ്രകാരമുള്ള നിവേദനം തയ്യാറാക്കിവരികയാണ്. വിവിധ വകുപ്പുകളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചു കഴിഞ്ഞു. അവ ക്രോഡീകരിച്ച് താമസിയാതെ കേന്ദ്ര സര്‍ക്കാരിന് വിശദമായ നിവേദനം സമര്‍പ്പിക്കും.
  • ദുരന്ത ശേഷം പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടുന്നത് തടയാന്‍ ആരോഗ്യവകുപ്പ് ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി പകര്‍ച്ചവ്യാധികള്‍ വലിയൊരളവുവരെ തടയാന്‍ കഴിഞ്ഞു. പ്രതിരോധമരുന്ന് വ്യാപകമായി വിതരണം ചെയ്യുന്നതിനാല്‍ എലിപ്പനിയും നിയന്ത്രണവിധേയമാണ്. ഡെങ്കിപോലുള്ള കൊതുകുജന്യ രോഗങ്ങള്‍ തടയാനുള്ള മുന്‍കരുതലുകളും എടുക്കുന്നുണ്ട്.
  • പ്രളയത്തില്‍ തകര്‍ന്ന പമ്പ പുനര്‍നിര്‍മ്മിച്ച് ശബരിമല തീര്‍ത്ഥാടകര്‍ക്ക് സൗകര്യം ഒരുക്കുന്നതിനുള്ള പ്രവൃത്തികള്‍ അതിവേഗം നടക്കുകയാണ്. തീര്‍ത്ഥാടനകാലം ആരംഭിക്കുന്നതിനുമുന്‍പ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
  • ലോക ബാങ്ക്, എ.ഡി.ബി., ഐ.എഫ്.സി. എന്നീ അന്താരാഷ്ട്ര ഏജന്‍സികളുടെ പ്രതിനിധികള്‍ സംസ്ഥാനത്തെ വിവിധ ജില്ലകള്‍ സന്ദര്‍ശിച്ച് നഷ്ടം വിലയിരുത്തുകയാണ്. മൂന്ന് നാല് ദിവസത്തിനകം അത് പൂര്‍ത്തിയാകും. സെപ്തംബര്‍ 21 ന് ഈ ഏജന്‍സികളുടെ റിപ്പോര്‍ട്ട് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സഹായം സംബന്ധിച്ച തീരുമാനം അതിനുശേഷമുണ്ടാകും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ന്യൂനമര്‍ദ്ദം, കൊച്ചിയില്‍ നിന്ന് പോയ 150 ബോട്ടുകളേക്കുറിച്ച് വിവരങ്ങളില്ല

Oct 5, 2018


mathrubhumi

വീണ്ടും മണിമുഴക്കം: 'സബ് കളക്ടര്‍ വെറും ചെറ്റ'

Apr 23, 2017


mathrubhumi

1 min

'കുത്തിക്കൊല്ലുമെടാ', ലക്ഷ്യമിട്ടത് അഖിലിനെ കൊല്ലാന്‍; എസ്എഫ്‌ഐ നേതാക്കള്‍ ഒളിവില്‍

Jul 13, 2019