തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നതാണ് പ്രളയകാരണമെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് കേരളത്തിലുണ്ടായ മഹാപ്രളയം സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിതമായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള.
450-ലേറെ പേരുടെ ജീവന്‍ നഷ്ടപ്പെട്ടതിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണം. മുഖ്യമന്ത്രിക്കും വൈദ്യുതിമന്ത്രിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുമെതിരെ നരഹത്യക്ക് കേസെടുക്കണം. കേരളം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്നും സര്‍ക്കാരിന് ഒളിച്ചോടാനാകില്ല. ജനങ്ങളോട് സര്‍ക്കാര്‍ മറുപടി പറയണം. ദുരന്തം സര്‍ക്കാര്‍ നിര്‍മ്മിതമാണെന്ന് വ്യക്തമായതിനാല്‍ ദുരന്തബാധിതര്‍ക്കുള്ള നഷ്ടപരിഹാരത്തുക ഇരട്ടിയാക്കണം. നഷ്ടപരിഹാരം നല്‍കുന്നതിലെയും പുനര്‍നിര്‍മ്മാണത്തിലെയും പുനരധിവാസത്തിലെയും വീഴ്ചകളും അന്വേഷിക്കണം.
കേന്ദ്ര സര്‍ക്കാരിനെതിരെയും രക്ഷാപ്രവര്‍ത്തനത്തിനെത്തിയ കേന്ദ്ര സേനകള്‍ക്കെതിരെയും സിപിഎമ്മും സര്‍ക്കാരും വ്യാജപ്രചാരണം നടത്തിയത് വീഴ്ച മറച്ചുവെക്കാനായിരുന്നുവെന്ന് ഇതോടെ വ്യക്തമാകുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഡാമുകള്‍ തുറന്നുവിട്ടതുള്‍പ്പെടെ ചൂണ്ടിക്കാട്ടി സര്‍ക്കാരാണ് ദുരന്തത്തിന് ഉത്തരവാദിയെന്ന് ബിജെപി തുടക്കം മുതല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വ്യാജപ്രചാരണങ്ങളിലൂടെ ഇതില്‍ നിന്നെല്ലാം ഒളിച്ചോടാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ബിജെപി അന്ന് പറഞ്ഞത് ശരിവെക്കുകയാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ടെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
കൊലക്കുറ്റത്തിന് കേസെടുക്കണം- കുമ്മനം
തിരുവനന്തപുരം: പ്രളയം സംബന്ധിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പിണറായി സര്‍ക്കാരിനെതിരായ കുറ്റപത്രമാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം.
പ്രളയത്തിന് കാരണമായത് എംഎം മണിയുടെ അറിവില്ലായ്മയും പിടിവാശിയുമാണ്. ഇത്തരമൊരു സംഭവം ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ്. മണിയുടെ പിടിവാശി 500ഓളം നിരപരാധികളുടെ ജീവനാണ് ഇല്ലാതാക്കിയത്. ഇത് മറച്ചു വെക്കാനാണ് കേന്ദ്ര സര്‍ക്കാറിനെതിരെ വ്യാജ പ്രചാരണം നടത്തിയത്. കൂട്ടക്കുരുതിയില്‍ പങ്ക് വ്യക്തമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ontent Highlights: kerala flood 2018 amicus curiae report; bjp state president ps sreedharan pillai slams cm and electricity minister