തിരുവനന്തപുരം: ജോയ് ഏബ്രഹാമിന്റെ കത്തിന് പിന്നാലെ പി.ജെ. ജോസഫിനെ കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാനായി തിരഞ്ഞെടുത്തിട്ടില്ലെന്ന് കാണിച്ച് മാണിവിഭാഗവും തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി. മാണിവിഭാഗം നേതാവ് ബി. മനോജാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പുതിയ കത്ത് നല്‍കിയത്. നേരത്തെ പാര്‍ട്ടിയുടെ സംഘടനാ ചുമതലയുള്ള സെക്രട്ടറി ജോയ് എബ്രഹാം നല്‍കിയ കത്തില്‍ പറയുന്നകാര്യങ്ങള്‍ പൂര്‍ണമായും തെറ്റാണെന്ന് കാണിച്ചാണ് ബി. മനോജ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്.
കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ചേര്‍ന്നിട്ടില്ലെന്നും ചെയര്‍മാനെ തിരഞ്ഞെടുത്തിട്ടില്ലെന്നുമാണ് ബി. മനോജിന്റെ കത്തില്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ ജോയ് എബ്രഹാമിന്റെ കത്ത് പരിഗണിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മാണിവിഭാഗം നേതാവായ ബി. മനോജ് ജോസ് കെ. മാണിയുടെ ഉള്‍പ്പെടെ അറിവോടെയാണ് പുതിയ കത്ത് നല്‍കിയതെന്നാണ് സൂചന. നേരത്തെ മാണി അനുസ്മരണ ചടങ്ങിനിടെ പി.ജെ. ജോസഫ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെയും മനോജ് കോടതിയെ സമീപിച്ചിരുന്നു.
പി.ജെ. ജോസഫ് കേരള കോണ്‍ഗ്രസ് ചെയര്‍മാനാണെന്ന് കാണിച്ചാണ് പാര്‍ട്ടിയുടെ സംഘടനാ ചുമതലയുള്ള സെക്രട്ടറി ജോയ് എബ്രഹാം നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയത്. എന്നാല്‍ കത്ത് നല്‍കിയ സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ റോഷി അഗസ്റ്റിന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിനെതിരെ രംഗത്തെത്തി. ജോയ് എബ്രഹാം തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയത് പാര്‍ട്ടിയുടെ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നായിരുന്നു റോഷി അഗസ്റ്റിന്റെ പ്രതികരണം.
Content Highlights: kerala congress (m) mani fraction leader sends letter to election commission against pj joseph
Share this Article
Related Topics