കീഴരിയൂര്‍ ബോംബ് കേസിന് എഴുപത്തിയഞ്ചാമാണ്ട്


ക്വിറ്റ് ഇന്ത്യാ സമരത്തോടനുബന്ധിച്ച് കേരളത്തില്‍ നടന്ന പ്രസിദ്ധമായ ബോംബു കേസാണ് കീഴരിയൂര്‍ കേസ്.

കൊയിലാണ്ടി: ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായി നടന്ന കീഴരിയൂര്‍ ബോംബ് കേസിന് 75 വര്‍ഷമാകുന്നു. 1942 ഓഗസ്റ്റിനും 1943 മേയ് മാസത്തിനും ഇടയിലാണ് കീഴരിയൂര്‍ ബോംബ് കേസ് നടന്നത്. സ്വാതന്ത്ര്യ സമര സേനാനികളുടെ പിന്‍മുറക്കാരും നാട്ടുകാരും വാര്‍ഷികം വിപുലമായി ആചരിക്കാനുള്ള ഒരുക്കത്തിലാണ്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ദേശീയപ്രസ്ഥാനം ശക്തിപ്പെട്ടപ്പോള്‍ അതിന്റെ പ്രതിഫലനങ്ങള്‍ കീഴരിയൂരിലും അനുഭവപ്പെട്ടിരുന്നു. തൈക്കണ്ടി പാച്ചര്‍, കുറുമയില്‍ കേളുക്കുട്ടി, പഞ്ഞാട്ട് രാമോട്ടി, കറുമയില്‍ നാരായണന്‍ എന്നിവരായിരുന്നു കീഴരിയൂരിലെ ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ക്വിറ്റ് ഇന്ത്യാ സമരം രാജ്യമെങ്ങും ശക്തിപ്രാപിച്ചപ്പോള്‍ അതിന്റെ അനുരണനങ്ങള്‍ കീഴരിയൂരിലും എത്തി. 1942 ഓഗസ്റ്റ് എട്ടിന് മുംബൈയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനത്തിലാണ് ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കി. മഹാത്മാഗാന്ധി, ജവാഹര്‍ലാല്‍ നെഹ്രു തുടങ്ങിയ ദേശീയ നേതാക്കളെയെല്ലാം തുറുങ്കിലടച്ചു. ഈ രോഷാഗ്‌നിയിലാണ് രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും പിടിച്ചുപറ്റിയ കീഴരിയൂര്‍ ബോംബ് കേസും ഉണ്ടായത്.



ബ്രിട്ടീഷ് ഭരണത്തിന്റെ പ്രതീകങ്ങളായി നിലനിന്നിരുന്ന പാലങ്ങള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എന്നിവ ബോംബുവെച്ച് തകര്‍ക്കാനും ബ്രിട്ടീഷ് ഭരണാധികാരികളെ അപായപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയുമായിരുന്നു കീഴരിയൂരില്‍ ബോംബ് നിര്‍മിച്ചത്. ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ടുകിടന്ന കീഴരിയൂരിലെ കൂന്തലുള്ളതില്‍ എന്ന വീട്ടില്‍വെച്ചായിരുന്നു ബോംബ് നിര്‍മാണം. കൊടുംകാടായിരുന്ന മാവട്ട് മലയില്‍ പരീക്ഷണവും നടത്തി. ഈ സാഹസിക കൃത്യത്തിന്റെ വാര്‍ത്ത നാടെങ്ങും പരന്നു. കണ്ണില്‍ കണ്ടവരെയെല്ലാം പോലീസ് പിടിച്ചു കൊണ്ടുപോയി. സംഭവത്തിനുശേഷം ബ്രിട്ടീഷ് പോലീസ് കീഴരിയൂരില്‍ അഴിഞ്ഞാട്ടം നടത്തി. പ്രക്ഷോഭകാരികളുടെ കുടുംബാംഗങ്ങളെ പോലും പോലീസ് വെറുതേ വിട്ടില്ല. ഫറോക്ക് പാലം, ചേമഞ്ചേരി, നടുവണ്ണൂര്‍ രജിസ്റ്റര്‍ ഓഫീസ്, മറ്റുചില സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവ ബോംബുവെച്ച് തകര്‍ക്കാന്‍ ശ്രമിച്ചു എന്ന കുറ്റം ചുമത്തി ഡോക്ടര്‍ കെ.ബി. മേനോന്‍, മത്തായി മാഞ്ഞൂരാന്‍ തുടങ്ങി 27 ആളുടെ പേരില്‍ പോലീസ് കേസെടുത്തു. അഞ്ചുപേര്‍ പിടികൊടുത്തില്ല.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കേസില്‍ ഉള്‍പ്പെട്ടിരുന്നു. ദേശീയ പ്രസ്ഥാനത്തിന്റെ മുന്‍ നിരയിലുണ്ടായിരുന്ന കുറുമയില്‍ നാരായണന്‍, തൈക്കണ്ടി പാച്ചര്‍, കുറുമയില്‍ കേളുക്കുട്ടി, കുനിയില്‍ കുഞ്ഞിരാമന്‍, അരയനാട്ട് ഉണ്ണിക്കുട്ടി, മുള്ളംകണ്ടി മീത്തല്‍ കുഞ്ഞിരാമന്‍, കെ. നാരായണന്‍ എന്നീ പ്രതികള്‍ കീഴരിയൂര്‍കാരായിരുന്നു. ഇവര്‍ വര്‍ഷങ്ങളോളം ശിക്ഷയനുഭവിച്ച് ജയിലില്‍ കിടന്നു.

അഖിലേന്ത്യാ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട കീഴരിയൂര്‍ ബോംബ് കേസിനെപ്പറ്റി അന്വേഷിച്ച് നേതാജി സുബാഷ് ചന്ദ്ര ബോസ് കെ.ബി. മേനോനെഴുതിയ കത്ത് പ്രസിദ്ധമാണ്. വി.എ. കേശവന്‍ നായരുടെ 'ഇരുമ്പഴിക്കുള്ളില്‍' എന്ന ഗ്രന്ഥം കീഴരിയൂര്‍ ബോംബ് കേസ് സംബന്ധിച്ച ആധികാരിക ഗ്രന്ഥമാണ്.

ഓഗസ്റ്റ് 13ന് വൈകീട്ട് നാലുമണിക്ക് നടക്കുന്ന തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ആചരണപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. സമരപോരാളികളുടെയും മുന്‍കാല കോണ്‍ഗ്രസ് നേതാക്കളുടെയും കുടുംബസംഗമവും തലമുറകളുടെ സംഗമവും നടക്കും. കീഴരിയൂര്‍ വള്ളത്തോള്‍ ഗ്രന്ഥാലയം, എന്റെ കീഴരിയൂര്‍ സൗഹൃദ കൂട്ടായ്മ എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടികള്‍.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram
IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022