കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാമാധവന്റെയും സംവിധായകന്‍ നാദിര്‍ഷയുടെയും മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ ഒന്നാംപ്രതിയായ പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ദിലീപിന്റെ ജാമ്യാപേക്ഷ നാളെയാണ് ഹൈക്കോടതി പരിഗണിക്കുക,
കാവ്യയുമായി ബന്ധമുണ്ടെന്ന പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റിന് സാധ്യതയുണ്ടെന്ന് കണ്ടതിനെ തുടര്‍ന്നായിരുന്നു കാവ്യാമാധവന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിരുന്നത്. അന്വേഷണ സംഘത്തിന് ദുഷ്ടലാക്കാണെന്നും അന്വേഷണം പക്ഷപാതപരമാണെന്നും കാവ്യ ഹൈക്കോടതയില്‍ സമര്‍പ്പിച്ച 56 പേജുള്ള മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കേസില്‍ ഒന്നാംപ്രതിയും കുപ്രസിദ്ധ കുറ്റവാളിയുമായ പള്‍സര്‍ സുനിയെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തനിയ്‌ക്കെതിരായ പ്രസ്താവനകള്‍ നടത്താന്‍ അനുവദിച്ചത് ഇതിന് ഉദാഹരണമായും കാവ്യ ചൂണ്ടിക്കാട്ടിയിരുന്നു.
ദിലീപിനെതിരെ മൊഴി നല്‍കാന്‍ അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്ന് സമ്മര്‍ദ്ദമുണ്ടെന്നും തന്നെ പ്രതിയാക്കാന്‍ അന്വേഷണ സംഘം ശ്രമിക്കുകയാണെന്നുമാണ് നാദിര്‍ഷ ഹൈക്കോടതയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. തുടര്‍ന്ന് കേസിന്റെ അന്വേഷണത്തിന്റെ പുരോഗതി സമര്‍പ്പിക്കാനും അന്വേഷണ സംഘത്തോട് കോടതി ആവശ്യപ്പെട്ടിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഇരുവരെയും പ്രതിയാക്കേണ്ട സാഹചര്യമില്ലെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു.
നാദിര്‍ഷ ചോദ്യം ചെയ്യലില്‍ പല കാര്യങ്ങളും മറച്ചുവെച്ചുവെന്ന കാര്യം പോലീസ് കോടതിയെ അറിയിച്ചിരുന്നു. നാദിര്‍ഷയുടെ ചോദ്യം ചെയ്യലിന്റെ വിശദവിവരങ്ങളും അന്വേഷണ സംഘം തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിക്കുന്നുണ്ട്. പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയാണ് കോടതി ആദ്യം പരിഗണിക്കുക. ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലം വ്യക്തമാക്കുന്ന മുഴുവന്‍ രേഖകളും പോലീസ് ഇന്ന് കോടതയില്‍ സമര്‍പ്പിക്കും.