കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യ മാധവന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി. പള്‍സറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റിന് സാധ്യതയുണ്ടെന്ന് കണ്ടാണ് കാവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. അതേസമയം സംവിധായകനും ദിലീപിന്റെ ഉറ്റ സുഹൃത്തുമായ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ അടുത്തമാസം നാലിന് പരിഗണിക്കാന്‍ മാറ്റിവെച്ചു.
അറസ്റ്റിലായ പള്‍സര്‍ സുനി കേസിലെ മാഡം കാവ്യയാണെന്ന് പറഞ്ഞിരുന്നു. കാവ്യയെ അറസ്റ്റ് ചെയ്യാന്‍ ഉദ്ദേശമില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചു. അറസ്റ്റ് സാധ്യതയില്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യത്തിന്റെ ആവശ്യമില്ലെന്ന് കോടതി വിലയിരുത്തി.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യയുടെ ഭര്‍ത്താവ് നടന്‍ ദിലീപ് ജയിലിലാണ്. 56 പേജുള്ള ജാമ്യാപേക്ഷയാണ് കാവ്യ കോടതിയില്‍ അഡ്വ. ബി. രാമന്‍പിള്ള മുഖാന്തരം നല്‍കിയത്. അന്വേഷണസംഘത്തിന് ദുഷ്ടലാക്കാണെന്നും അന്വേഷണം പക്ഷപാതപരമാണെന്നും ഹര്‍ജിയില്‍ കാവ്യ ആരോപിച്ചിരുന്നു.
പോലീസ് ദിലീപിനെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കുന്നു എന്ന് കാട്ടിയാണ് നാദിര്‍ഷ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്.
കേസിലെ ഒന്നാംപ്രതിയായ പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജി ഇന്ന് കോടതി തള്ളി. സംഭവത്തില്‍ നേരിട്ടിടപെട്ടിട്ടുള്ള പ്രതികള്‍ക്കെതിരെ വ്യക്തമായ തെളിവുണ്ടെന്ന് കോടതി അഭിപ്രായപ്പെടുകയും ചെയ്തു. ദിലീപിന്റെ ജാമ്യാപേക്ഷ നാളെയാണ് ഹൈക്കോടതി പരിഗണിക്കുക.
Share this Article
Related Topics