പെരിയ ഇരട്ടക്കൊല: യൂത്ത് കോൺഗ്രസ് ധീരസ്മൃതിയാത്രയ്ക്ക് വികാരസാന്ദ്രമായ തുടക്കം


2 min read
Read later
Print
Share

കൃപേഷിന്റെ ബന്ധു ശ്രീനന്ദൻ, ശരത്ത് ലാലിന്റെ ബന്ധു ആദർശ് എന്നിവർ ചിതാഭസ്മം അടങ്ങിയ കലശം കൈമാറിയപ്പോൾ അന്തരീഷം മുദ്രാവാക്യങ്ങളാൽ മുഖരിതമായി

കല്യോട്ട് (കാസർകോട്): കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത്ത് ലാലിന്റെയും ചിതാഭസ്മവുമായി യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ധീരസ്മൃതിയാത്രയ്ക്ക് വികാരസാന്ദ്രമായ തുടക്കം. വിലാപവും വേദനയും ഘനീഭവിച്ച അന്തരീക്ഷത്തിൽ ഇവരുടെ ശവകുടീരത്തിൽനിന്ന് ദേശീയ അധ്യക്ഷൻ കേശവ്‌ ചന്ദ് യാദവ്, സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസ് എന്നിവർ വ്യാഴാഴ്ച 11 മണിയോടെ ചിതാഭസ്മം ഏറ്റുവാങ്ങി.

കൃപേഷിന്റെ ബന്ധു ശ്രീനന്ദൻ, ശരത്ത് ലാലിന്റെ ബന്ധു ആദർശ് എന്നിവർ ചിതാഭസ്മം അടങ്ങിയ കലശം കൈമാറിയപ്പോൾ അന്തരീഷം മുദ്രാവാക്യങ്ങളാൽ മുഖരിതമായി. ഫെബ്രുവരി 17-ലെ ഇരട്ടക്കൊലയ്ക്കുശേഷം കല്യോട്ട് നടന്ന ആദ്യ പൊതുപരിപാടിക്ക് സാക്ഷ്യംവഹിക്കാൻ സ്ത്രീകളടക്കം നൂറുകണക്കിന് പ്രവർത്തകരെത്തി. കൃപേഷിന്റെ അച്ഛൻ കൃഷ്ണൻ, സഹോദരി കൃഷ്ണപ്രിയ, ശരത്ത്‌ലാലിന്റെ അച്ഛൻ സത്യനാരായണൻ, സഹോദരി അമൃത, മറ്റുബന്ധുക്കൾ തുടങ്ങിയവരും എത്തിയിരുന്നു. ശവകുടീരത്തിൽ തൊട്ട് ആർത്തലച്ചുകരഞ്ഞ കൃഷ്ണപ്രിയയെും അമൃതയെയും സമാധാനിപ്പിക്കാൻ നേതാക്കളും ബന്ധുക്കളും പാടുപെട്ടു.

കൊലനടന്ന താന്നിത്തോട്-കല്യോട്ട് റോഡരികിൽനിന്ന് അമ്പതുമീറ്റർദൂരെ അടുത്തടുത്താണ് ഇരുവരെയും സംസ്കരിച്ചിരിക്കുന്നത്. പ്രത്യേകം തട്ടുതിരിച്ച ഈസ്ഥലത്ത് പുഷ്പാർച്ചന നടത്തിയശേഷമാണ് കലശങ്ങൾ കൈമാറിയത്. അലങ്കരിച്ച വാഹനത്തിൽ സൂക്ഷിച്ച ഇവ പ്രവർത്തകർ ജാഥയായി കല്യോട്ട് ടൗണിലേക്ക് കൊണ്ടുപോയി. തുടർന്നുചേർന്ന പൊതുയോഗം കേശവ്‌ചന്ദ് യാദവ് ഉദ്ഘാടനംചെയ്തു. ബംഗാളിൽനിന്ന് ആട്ടിപ്പായിക്കപ്പെട്ട സി.പി.എം. ഒരുപാഠവും പഠിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. കൊലപാതകരാഷ്ട്രീയത്തിന് അതേനാണയത്തിൽ തിരിച്ചടിനൽകാൻ കഴിയും. പക്ഷേ, ഗാന്ധിയൻ ആദർശങ്ങളിൽ വിശ്വസിക്കുന്ന ഞങ്ങൾക്കതിന് കഴിയില്ല -അദ്ദേഹം പറഞ്ഞു.

പെരിയയുടെയും കല്യോട്ടിന്റെയും കാസർകോടിന്റെയും ദുഃഖം കേരളം മുഴുവൻ എത്തിക്കാനാണ് യാത്രയെന്ന് സംസ്ഥാനപ്രസിഡന്റ് ഡീൻ കുര്യാക്കോസ് പറഞ്ഞു. പുസ്തകവും കവിതയും കഥയുമെഴുതി കിട്ടുന്ന വരുമാനംകൊണ്ട് അരുംകൊലരാഷ്ട്രീയത്തെ വെള്ളപൂശാൻ ശ്രമിക്കുന്നവരോടല്ല, ജനാധിപത്യമനസ്സുകളോട് സംവദിക്കാനാണ് ഈ യാത്രയെന്ന് വി.ടി. ബൽറാം എം.എൽ.എ. അഭിപ്രായപ്പെട്ടു. ലോകത്ത് ഏറ്റവുമധികം കൂട്ടക്കൊലകൾ നടത്തിയത് കമ്യൂണിസത്തിന്റെ പേരിൽ സ്റ്റാലിനും മാവോയുമാണ്. ഹിറ്റ്‌ലറുപോലും അതിനുപിന്നിലേ വരൂ എന്നദ്ദേഹം അഭിപ്രായപ്പെട്ടു. അടുത്ത തിരഞ്ഞെടുപ്പോടെ ബാലറ്റ് പേപ്പറിൽനിന്നുപോലും അരിവാൾ ചുറ്റിക നക്ഷത്രം അപ്രത്യക്ഷമാകുമെന്ന്‌ കെ.പി.സി.സി. വർക്കിങ് പ്രസിഡന്റ് കെ. സുധാകരൻ കൂട്ടിച്ചേർത്തു.

യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം പ്രസിഡന്റ് സാജിദ് മൗവ്വൽ അധ്യക്ഷനായി. ദേശീയ വൈസ് പ്രസിഡന്റ് വി.വി. ശ്രീനിവാസ്, സെക്രട്ടറിമാരായ രവീന്ദ്രദാസ്, എബി മേത്തർ ഡി.സി.സി. പ്രസിഡന്റ് ഹക്കിം കുന്നിൽ, കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.

മാർച്ച് അഞ്ചിന് തിരുവനന്തപുരം തിരുവല്ലം പരശുരാമക്ഷേത്രതീർഥത്തിൽ ചിതാഭസ്മം നിമജ്ജനംചെയ്യും. 18 വർഷംമുമ്പ് പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ദേവദാസിന്റെ പിതാവ് കുഞ്ഞിരാമനും ചടങ്ങിനെത്തിയിരുന്നു. വെള്ളിയാഴ്ചത്തെ പര്യടനം വടകരയിൽ സമാപിച്ചു.

Content Highlights: Kasargode Double Murder Congress march

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

മന്ത്രിമാര്‍ക്ക് താത്പര്യം വിദേശയാത്ര; കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല: വിമര്‍ശിച്ച്‌ ഹൈക്കോടതി

Dec 2, 2019


mathrubhumi

1 min

മഴ ഇല്ലെങ്കില്‍ ഈ മാസം 16 മുതല്‍ ലോഡ് ഷെഡിങ്

Aug 3, 2019


mathrubhumi

1 min

ലോഡ് ഷെഡ്ഡിങ് ജനദ്രോഹപരം, ഒഴിവാക്കണമെന്ന് പ്രതിപക്ഷ നേതാവ്

Jul 10, 2019