കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകത്തിൽ സി.പി.എം നേതാക്കൾക്ക് പങ്കുണ്ടെന്ന ആരോപണവുമായി കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവ് കൃഷ്ണൻ. പ്രാദേശിക നേതാക്കളുടെ പേരുകൾ സഹിതം വെളിപ്പെടുത്തിയാണ് കൃഷ്ണന്റെ ആരോപണം.
ഇപ്പോൾ അറസ്റ്റിലായ പീതാംബരൻ എച്ചിലടുക്കം മുന്‍ ബ്രാഞ്ച് സെക്രട്ടറിയാണ്. എന്നാല്‍ കൊലപാതകം നടന്നിരിക്കുന്ന കല്യോട് പ്രദേശത്തെ പെരിയ ലോക്കല്‍ സെക്രട്ടറി ബാലകൃഷ്ണന്‍ അറിയാതെ കല്യോട് ഒന്നും നടക്കില്ലെന്നും ബാലകൃഷ്ണൻ അറിയാതെ വേറെ ബ്രാഞ്ചില്‍ ഉള്‍പ്പെട്ടവര്‍ ഇവിടെ ഒന്നും ചെയ്യില്ലന്നും കൃഷ്ണൻ ആരോപിക്കുന്നു.
ഗംഗാധരന്‍, വത്സന്‍ എന്നിവര്‍ക്ക് കൃപേഷുമായും ശരത് ലാലുമായും വ്യക്തി വൈരാഗ്യമുണ്ടായിരുന്നൂ. ഇവർ സാമൂഹിക മാധ്യമങ്ങള്‍ വഴി ഭീഷണി മുഴക്കിയിരുന്നതായും കൃഷ്ണന്‍ ആരോപിക്കുന്നു. കൊല ചെയ്യാന്‍ ഉപയോഗിച്ച ആയുധങ്ങളല്ല കണ്ടെടുത്തത്. പീതാംബരനില്‍ മാത്രം അന്വേഷണം ഒതുക്കരുതെന്ന് ആവശ്യപ്പെട്ട കൃഷ്ണൻ കൊല നടത്തുന്നതിനായി മറ്റ് പലരും പിന്നില്‍ പ്രവര്‍ത്തിക്കുകയും പണം ചെലവാക്കിയതായും ആരോപിക്കുന്നുണ്ട്.
കൊലപാതകം സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണ്. പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കേസ് അന്വേഷണം സി.ബി.ഐ ക്ക് കൈമാറണമെന്നാവശ്യവുമായി ഹെെക്കോടതിയെ സമീപിക്കുമെന്നും കൃഷ്ണൻ വ്യക്തമാക്കി.
Content Highlights: Periya Double Murder More Culprits Involved in Crime Says Krishnan