കോഴിക്കോട്: കറുകുറ്റി ട്രെയിനപകടത്തിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഭിന്നസ്വരം. സ്‌റ്റേഷന്‍ മാസ്റ്ററുടെ അവസരോചിതമായ ഇടപെടലല്‍ മൂലം വലിയ ദുരന്തം ഒഴിവായെന്ന ചില മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് തെറ്റാണെന്ന് ചൂണ്ടിക്കാട്ടുന്ന ശബ്ദരേഖ റെയില്‍വേ യൂണിയനുകളുടെ വാട്ട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നു. ആഗസ്ത് 28-ന് കറുകുറ്റി സ്‌റ്റേഷന്‍ മാസ്റ്ററും സെക്ഷന്‍ കണ്‍ട്രോളറും തമ്മില്‍ നടന്ന സംഭാഷണത്തിന്റെ വോയിസ് ലോഗ് എന്ന് അവകാശപ്പെടുന്ന ശബ്ദരേഖയാണ് ജീവനക്കാര്‍ക്കിടയില്‍ പ്രചരിക്കുന്നത്.
മംഗളൂരു എക്‌സ്പ്രസ് പാളം തെറ്റിയെന്ന വിവരം കറുകുറ്റി സ്റ്റേഷന്‍ മാസ്റ്റര്‍ അറിഞ്ഞിരുന്നില്ല എന്നും സിഗ്നല്‍ സംവിധാനങ്ങളുടെ മികവാണ് അപകടം ഒഴിവാക്കിയതെന്നും ശബ്ദരേഖ അവകാശപ്പെടുന്നു. അവസരോചിതമായ ഇടപെടല്‍ നടത്തിയതിന് സ്‌റ്റേഷന്‍ മാസ്റ്റര്‍ക്കു ഉന്നത അധികാരികളുടെ അഭിനന്ദനം ലഭിച്ചിരുന്നു. ഒപ്പം മറ്റുജീവനക്കാരുടെ അവധികള്‍ റദ്ദാക്കിയപ്പോള്‍ ഇദ്ദേഹത്തിന് അഞ്ചുദിവസത്തെ അവധി അനുവദിക്കുകയും ചെയ്തു.
ശബ്ദരേഖ കേള്‍ക്കാം
സിഗ്നലുകള്‍ തകരാറിലാണെന്നും എന്താണു ചെയ്യേണ്ടതെന്നും സ്റ്റേഷന്‍ മാസ്റ്റര്‍ കണ്‍ട്രോള്‍ റൂമില്‍ വിളിച്ചു ചോദിക്കുന്നു.
16347-ാം നമ്പര്‍ ട്രെയിനായ തിരുവനന്തപുരം-മംഗളൂരു എക്‌സ്പ്രസ് (47 എന്നാണ് സംഭാഷണത്തില്‍ വിശേഷിപ്പിക്കുന്നത്) കറുകുറ്റിയില്‍ ഇതുവരെ എത്തിച്ചേര്‍ന്നിട്ടില്ല. ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ എക്‌സ്പ്രസിനുള്ള സിഗ്നലുകള്‍ തകരാറിലുമാണ്. എന്താണ് ചെയ്യേണ്ടത്? സംഭാഷണം ഇങ്ങനെയാണ്.
സംഭാഷണത്തില്‍ നിന്നും സ്‌റ്റേഷന്‍ മാസ്റ്റര്‍ അപകടം അറിഞ്ഞിട്ടില്ല എന്ന് വ്യക്തമാണെന്ന് റെയില്‍വേയിലെ ഒരു സംഘം ജീവനക്കാര്‍ ആരോപിക്കുന്നു. സാങ്കേതികപദങ്ങള്‍ പോലും കൃത്യമായി സ്‌റ്റേഷന്‍മാസ്റ്റര്‍ക്ക് പറയാന്‍ സാധിക്കുന്നില്ല. വ്യക്തികളുടെ ഇടപെടലല്ല, മറിച്ച് സിഗ്നല്‍ സംവിധാനത്തിന്റെ മികവാണ് വലിയ ദുരന്തം ഒഴിവാക്കിയതെന്ന് ഇതില്‍ നിന്നു വ്യക്തമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.