കാഞ്ഞങ്ങാട്: സ്വാതന്ത്ര്യ സമരസേനാനിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന കെ.മാധവന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ പ്രഥമപുരസ്‌കാരത്തിന് ഇടതുപക്ഷ വിദ്യാര്‍ഥി-യുവജന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകന്‍ കനയ്യകുമാറിനെ തിരഞ്ഞെടുത്തു. കെ.മാധവന്‍ ഫൗണ്ടേഷനാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കൂടിയായ മന്ത്രി ഇ.ചന്ദ്രശേഖരന്‍ കാസര്‍കോട് നടത്തിയ പത്രസമ്മേളനത്തില്‍ പുരസ്‌കാര ജേതാവിനെ പ്രഖ്യാപിച്ചു.
അരലക്ഷം രൂപയും പ്രശ്‌സ്തിപത്രവുമാണ് പുരസ്‌കാരം. കെ.മാധവന്റെ രാഷ്ട്രീയ പൈതൃകവും മൂല്യങ്ങളും സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി എന്നതാണ് പുരസ്‌കാരത്തിന് കനയ്യകുമാറിനെ തിരഞ്ഞെടുക്കാന്‍ കാരണമെന്ന് നിര്‍ണയസമിതി ഭാരവാഹികള്‍ പറഞ്ഞു. ദേശീയ സ്വാതന്ത്ര്യത്തിന്റെ ഏറ്റവും സവിശേഷമായ പൈതൃകം മതനിരപേക്ഷതയാണ്. അതു സംരക്ഷിക്കുന്നതിന് ദേശവ്യാപകമായി നേതൃത്വം കൊടുക്കാനും കനയ്യകുമാറിന് കഴിയുന്നുവെന്ന് പുരസ്‌കാര നിര്‍ണയ സമിതി വിലയിരുത്തി.
ജെ.എന്‍.യുവിലെ പഠനകാലത്താണ് കനയ്യകുമാറിനെ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. ബീഹാര്‍ സ്വദേശിയാണ്. കേരളസാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി പി.വി.കൃഷ്ണന്‍നായര്‍,ചരിത്രകാരന്‍ ഡോ.സി.ബാലന്‍,എഴുത്തുകാരന്‍ പ്രൊഫ.എം.എ.റഹ്മാന്‍,ഡോ.വി.പി.പി.മുസ്തഫ,ഡോ.അജയകുമാര്‍ കോടോത്ത് എന്നീവരാണ് പുരസ്‌കാര നിര്‍ണയസമിതിയംഗങ്ങള്‍. കെ.മാധവന്റെ ഒന്നാം ചരമവാര്‍ഷികം അടുത്തമാസം 25-ന് ആണ്. ചരമവാര്‍ഷികദിനത്തിന്റെ തലേദിവസമായ 24-ന് കാഞ്ഞങ്ങാട് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യും.
വടക്കേ മലബാറിലെ പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയാണ് കെ.മാധവന്‍. ഉപ്പുസത്യാഗ്രഹ സമരത്തിലും ഗുരുവായൂര്‍ സത്യാഗ്രഹ സമരത്തിലും പങ്കെടുത്തിരുന്നു. പ്രായപൂര്‍ത്തിയായിട്ടില്ലെന്ന കാരണത്താല്‍ ഉപ്പുസത്യാഗ്രഹ സമര ജാഥയില്‍ നിന്നു ആദ്യം മാറ്റി നിര്‍ത്തിയപ്പോള്‍, ജാഥാലീഡല്‍ കേരളഗാന്ധി കൂടിയായ കെ.കേളപ്പന് തന്റെ കൈവിരലിലണിഞ്ഞ സ്വര്‍ണമോതിരം ഊരി ദേശീയപ്രസ്ഥാന ഫണ്ടിലേക്ക് നല്കി. അന്നു മാധവന് വയസ് 13.
പിന്നീട് സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലിറങ്ങി പ്രവര്‍ത്തിച്ചു.പാര്‍ട്ടിയുടെ തെറ്റായ മുന്നോട്ടുപോക്ക് ചൂണ്ടിക്കാട്ടി ഇ.എം.എസ്സിന് തുറന്ന കത്തെഴുതി സി.പി.എം വിട്ട നേതാവാണ് കെ.മാധവന്.