കണ്ണൂര്‍: നവജാതശിശുക്കളടക്കം 71 പേര്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച സംഭവത്തില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ജെ എന്‍ യു മുന്‍ പ്രസിഡന്റും വിദ്യാര്‍ഥി നേതാവുമായ കനയ്യകുമാര്‍.
രാജ്യത്ത് വന്ദേമാതരം ചൊല്ലിക്കുന്ന, ദേശീയതയെ കുറിച്ചും ഭാരതാംബയെ കുറിച്ചും മേനിപറയുന്ന സംഘപരിവാര്‍ ഭരിക്കുന്ന സ്ഥലത്താണ് പ്രാണവായു ശ്വസിക്കാന്‍ പറ്റാതെ അറുപതിലധികം കുട്ടികള്‍ പിടഞ്ഞുമരിച്ചത്- കനയ്യ പറഞ്ഞു.
എ.ഐ.എസ്.എഫ് സംസ്ഥാനസമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. ശിശുമരണം വലിയകാര്യമല്ല എന്നാണ് മോദിയെ നമിക്കുന്ന പല ദേശീയമാധ്യമങ്ങളും പറയുന്നത്. 60 കുട്ടികള്‍ മരിച്ചത് ഈ രാജ്യത്തിന് പ്രശ്‌നമല്ലേ? ഇന്ത്യയുടെ മുഖം ലോകത്തിന് മുന്നില്‍ താഴ്ന്നുപോയത് പ്രശ്‌നമല്ലേ- കനയ്യകുമാര്‍ ചോദിച്ചു.
സംഘപരിവാറിനെതിരെ അക്രമം നടക്കുന്നെന്ന് പറഞ്ഞ് അരുണ്‍ ജെയ്റ്റിലി കണ്ണൂര്‍ സന്ദര്‍ശിക്കുകയാണ്. അദ്ദേഹം ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ ആസ്പത്രിയില്‍ പോയോ? അടിയേറ്റ് മരിച്ച ജുനൈദിനെ കാണാന്‍ പോയോ കനയ്യകുമാര്‍ ചോദിച്ചു. സംഘപരിവാര്‍ ഫാസിസ്റ്റ് ഭരണത്തിനെതിരെ നടക്കുന്ന ലോംഗ് മാര്‍ച്ചില്‍ പങ്കെടുക്കുന്ന കനയ്യകുമാര്‍ മധ്യപ്രദേശിലെ ഇന്‍ഡോറില്‍നിന്നാണ് കണ്ണൂരിലെ എ.ഐ.എസ്.എഫ് സമ്മേളനവേദിയിലെത്തിയത്.