തിരുവനന്തപുരം: ദേശഭക്തി എന്നത് മോദി ഭക്തിയാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് ജെ.എന്‍.യു മുന്‍ വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യകുമാര്‍. മോദി ട്വീറ്റ് ചെയ്തതുകൊണ്ട് രാജ്യത്ത് പുരോഗതിയുണ്ടാകില്ല, ഓഫീസിലിരുന്ന് ട്വീറ്റ് ചെയ്താലോ കൈവീശി കാണിച്ചാലോ രാജ്യം പുരോഗമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സ്‌കില്‍ ഇന്ത്യയല്ല കില്‍ ഇന്ത്യയാണ് ഇവിടെ നടപ്പാകുന്ന പദ്ധതിയെന്നും കനയ്യകുമാര്‍ പരിഹസിച്ചു.
എ.ഐ.വൈ.എഫ് സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടന്ന വര്‍ഗീയ-സാമ്രാജത്വവിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കനയ്യകുമാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് അദ്ദേഹം പ്രസംഗത്തിലുടനീളം നടത്തിയത്. വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളാക്കി മുദ്രകുത്തുകയാണ്. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയത ഒരുപോലെ ചെറുക്കണം.
നരേന്ദ്ര മോദി പ്രൈം മിനിസ്റ്ററല്ല പ്രൈം മോഡലാണെന്നും അദ്ദേഹം വിമര്‍ശിച്ചു. മിന്നലാക്രമണത്തില്‍ പോലും രാഷ് ട്രീയം കളിക്കുകയാണ്. യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ച് യുദ്ധജ്വരം പടര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നത്. മോദിയെ വിമര്‍ശിച്ചാല്‍ പാകിസ്താനിലേക്ക് പോകണമെന്നാണ് ചിലര്‍ പറയുന്നത്. ഇങ്ങനെ പോകുകയാണെങ്കില്‍ ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാന്‍ എന്ന മുദ്രാവാക്യം വീണ്ടും ഉയര്‍ന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി കേരളത്തില്‍ അക്കൗണ്ട് തുറന്നതിന്റെ അപകടം തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Share this Article
Related Topics