കൊച്ചി: കനകമല ഐ.എസ്. കേസില്‍ ആറു പ്രതികള്‍ കുറ്റക്കാരാണെന്ന് കൊച്ചി എന്‍.ഐ.എ. കോടതി. മന്‍സീദ്, സ്വാലിഹ് മുഹമ്മദ്, റാഷിദ്, റംഷാദ് നങ്കീലന്‍, സ്വാഫാന്‍, സുബഹാനി ഹാജ മൊയ്തീന്‍ എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. കേസിലെ ആറാം പ്രതിയായ ജാസിമിനെ വെറുതെവിട്ടു. കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആറുപേര്‍ക്കെതിരെയും കോടതി യുഎപിഎ വകുപ്പും ചുമത്തി.
ആഗോള ഭീകരസംഘടനയായ ഐ.എസുമായി ബന്ധപ്പെട്ട് 2016 ഒക്ടോബറില്‍ കണ്ണൂരിലെ കനകമലയില്‍ ഒത്തുചേര്‍ന്ന് ആക്രമണത്തിന് ഗൂഢാലോചന നടത്തിയെന്നതാണ് കേസ്.
ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) സമര്‍പ്പിച്ച രണ്ട് കുറ്റപത്രങ്ങളിലായി കോഴിക്കോട് സ്വദേശികളായ മന്‍സീദ് എന്ന ഒമര്‍ അല്‍ ഹിന്ദി, സജീര്‍, ചേലക്കര സ്വദേശി യൂസഫ് ബിലാല്‍ (ടി. സ്വാലിഹ് മുഹമ്മദ്), കോയമ്പത്തൂര്‍ സ്വദേശി റാഷിദ് (അബ് ബഷീര്‍), കുറ്റ്യാടി സ്വദേശികളായ റംഷാദ് നങ്കീലന്‍, എന്‍.കെ. ജാസിം, തിരൂര്‍ സ്വദേശി സ്വാഫാന്‍, തിരുനല്‍വേലി സ്വദേശി സുബഹാനി ഹാജ മൊയ്തീന്‍ എന്നിവരാണ് വിചാരണ നേരിട്ടത്.
കേസില്‍ പ്രതിയായിരുന്ന സജീര്‍ അഫ്ഗാനിസ്താനില്‍ വെടിയേറ്റ് കൊല്ലപ്പെട്ടെന്നാണ് പറയപ്പെടുന്നത്. കേസില്‍ 70 സാക്ഷികളെ വിസ്തരിച്ചു. രാജ്യദ്രോഹകുറ്റം, ഗൂഢാലോചന, യു.എ.പി.എ.യിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് എന്‍.ഐ.എ. കുറ്റപത്രം സമര്‍പ്പിച്ചത്.
Content Highlights: kanakamala isis case; nia court convicts six accused