മറഞ്ഞത് കരുത്തനായ വില്ലന്‍


വേലു, തേജ, ശിവം, റെഡ്ഡിയാര്‍, രാമയ്യ, മാര്‍ക്ക് മായാണ്ടി, സക്കര പാണ്ടി, രാജന്‍ വാസുദേവ്, പച്ചൈമുത്തു തുടങ്ങി തമിഴില്‍ കലാഭവന്‍ മണി അനശ്വരമാക്കിയ വില്ലന്‍ കഥാപാത്രങ്ങള്‍ അനവധിയാണ്.

ലയാള സിനിമയില്‍ ഹാസ്യ താരമായി അഭിനയ ജീവിതം തുടങ്ങിയ കലാഭവന്‍ മണി അന്യ ഭാഷകളില്‍ തിളങ്ങിയത് കരുത്തുറ്റ വില്ലന്‍ കഥാപാത്രങ്ങളായിട്ടാണ്. നായകനേപ്പോലും നിഷ്പ്രഭനാക്കിയ വില്ലന്‍ വേഷമായിരുന്നു തമിഴ് സിനിമയായ ജെമിനിയിലെ തേജ എന്ന കഥാപാത്രം. ഈ വേഷമാണ് പിന്നീട് തമിഴ് സിനിമാ ലോകത്ത് കാലുറപ്പിക്കുന്നതില്‍ മണിയെ സഹായിച്ചത്. തേജ എന്ന കഥാപാത്രം നിരവധി നിരൂപക പ്രശംസ നേടിയിരുന്നു.

മണിയിലെ അഭിനയ വ്യക്തിത്വത്തെ തിരിച്ചറിഞ്ഞ തമിഴകം അദ്ദേഹത്തിനായി വെച്ചുനീട്ടിയത് ഇരുപത്തി ഏഴോളം ചിത്രങ്ങളായിരുന്നു. തമിഴില്‍ 'മറുമലര്‍ച്ചി'എന്ന സിനിമയിലൂടെയാണ് കലാഭവന്‍ മണി അരങ്ങേറ്റം കുറിച്ചത്. പിന്നീടങ്ങോട്ട് മണിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. മലയാളത്തിലെ എക്കാലത്തേയും വലിയ സൂപ്പര്‍ഹിറ്റ് ചിത്രമായ ദൃശ്യത്തിന്റെ തമിഴ് റീമേക്കായ 'പാപനാശ'ത്തില്‍ മണിയായിരുന്നു വില്ലന്‍ കഥാപാത്രമായ പോലീസ് കോണ്‍സ്റ്റബിളിനെ അവതരിപ്പിച്ചത്.

വേലു, തേജ, ശിവം, റെഡ്ഡിയാര്‍, രാമയ്യ, മാര്‍ക്ക് മായാണ്ടി, സക്കര പാണ്ടി, രാജന്‍ വാസുദേവ്, പച്ചൈമുത്തു തുടങ്ങി തമിഴില്‍ കലാഭവന്‍ മണി അനശ്വരമാക്കിയ വില്ലന്‍ കഥാപാത്രങ്ങള്‍ അനവധിയാണ്. തന്റെ ശരീര ഭാഷ തമിഴ് വില്ലന്‍ കഥാപാത്രങ്ങള്‍ക്ക് അനുയോജ്യമായതാണ് മണിക്ക് ഗുണകരമായത്. എന്നാല്‍ ശരീര ഭാഷ മാത്രമല്ല വില്ലനായി ജീവിച്ചഭിനയിക്കുകയായിരുന്നു മണി ചെയ്ത്. 'കാറ്റത്തൊരു പെണ്‍പൂവ്'എന്ന 1998ലെ മലയാള സിനിമയിലാണ് കലാഭവന്‍ മണി ആദ്യമായി വില്ലനായി അഭിനയിച്ചത്.

തമിഴ് സിനിമയിലെ തൂടര്‍ച്ചയായ വില്ലന്‍ സ്വാധീനമാകാം പിന്നീട് മലയാളത്തിലും മണിയേത്തേടി നിരവധി വില്ലന്‍ കഥാപാത്രങ്ങളെത്തി. സേതുരാമയ്യര്‍ സി.ബി.ഐയിലെ സീരീയല്‍ കില്ലര്‍ മോസി എന്ന കഥാപാത്രം വളരെ ശ്രദ്ധിക്കപ്പെട്ടു. ചോട്ടാമുംബൈയിലെ നടേശന്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്‍ എന്നിവ വളരെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങളാണ്.

മലയാള സിനിമ അവഗണിച്ചപ്പോഴും മണിയെ ദക്ഷിണേന്ത്യന്‍ സിനിമാ ലോകം കൈവിട്ടില്ല. കോളിവുഡിലെ തേരോട്ടത്തിന് പിന്നാലെ ടോളീവുഡും മണിയെ തേടിയെത്തി. നാല് ചിത്രങ്ങളാണ് തെലുങ്കില്‍ മണി അഭിനയിച്ചത്. അതിനും കാരണമായത് ജെമിനിയാണ്. ജെമിനിയുടെ തെലുങ്ക് പതിപ്പിലും മണിയായിരുന്നു വില്ലന്‍. പിന്നീട് മൂന്ന് സിനിമകളില്‍ കലാലഭവന്‍ മണി വില്ലന്‍ കഥാപാത്രങ്ങളെ അഭ്രപാളിയില്‍ തിളക്കമുള്ളതാക്കി മാറ്റി. ജെമിനി, അര്‍ജുന്‍, നരസിമുഡു, എന്നിവയാണ് കലാഭവന്‍ മണി അഭിനയിച്ച തെലുങ്ക് ചിത്രങ്ങള്‍.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram