മോശക്കാരനായി ചിത്രീകരിച്ച് തോല്‍പ്പിച്ചുവെന്ന് കെ ബാബു


ജിതിന്‍.എസ്.ആര്‍

മദ്യനയം തോല്‍വിക്ക് കാരണമായെന്ന് കരുതുന്നില്ല

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെതിരെ പരോക്ഷ വിമര്‍ശവുമായി മുന്‍മന്ത്രി കെ ബാബു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അനിശ്ചിതത്വം തനിക്ക് 'പാര്‍ട്ടിക്ക് വേണ്ടാത്ത സ്ഥാനാര്‍ത്ഥി'യെന്ന പ്രതിച്ഛായ നല്‍കിയെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തോല്‍വിക്ക് പിന്നില്‍ പാര്‍ട്ടി നേതൃത്വമല്ലേ എന്ന ചോദ്യത്തോടാണ് അദ്ദേഹം പ്രതികരിച്ചത്. മോശക്കാരനാക്കിയത് ആരാണെന്ന് നിങ്ങള്‍ തീരുമാനിക്കൂവെന്ന് അദ്ദേഹം മറുപടി നല്‍കി.

മദ്യനയം തോല്‍വിക്ക് കാരണമായെന്ന് കരുതുന്നില്ല. പുതിയ സര്‍ക്കാര്‍ മദ്യനയം അട്ടിമറിക്കില്ലെന്ന് പ്രതീക്ഷിക്കാനുള്ള സാഹചര്യമില്ല. പരാജയം ആരുടെയും തലയില്‍ കെട്ടിവയ്ക്കാനില്ല. കെ.പി.സി.സി സംസ്ഥാന എക്സിക്യൂട്ടീവ് നടക്കുന്നതിനിടെ ഒന്നും പറയാനില്ലെന്നും ബാബു പറഞ്ഞു.

എല്‍.ഡി.എഫ് പോലും പ്രതീക്ഷിക്കാത്ത തോല്‍വിക്ക് ബി.ഡി.ജെ.എസ് സാന്നിദ്ധ്യവും പ്രധാനമന്ത്രി മോദിയുടെ പ്രചാരണവും കാരണമായിട്ടുണ്ട്. മോദിയുടെ സന്ദര്‍ശനത്തെതുടര്‍ന്ന് മുസ്ലീം വിഭാഗത്തിനുണ്ടായ ഭീതി എല്‍.ഡി.എഫ് പ്രയോജനപ്പെടുത്തി.

തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടുവെങ്കിലും സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകനായും മുന്‍ എം.എല്‍.എ ആയും മണ്ഡലത്തിലെ ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കും. മുന്‍കാലത്ത് യു.ഡി.എഫ് ഉള്‍പ്പെടെ ഒരു സര്‍ക്കാറിനും കഴിയാതിരുന്ന വികസനം നടപ്പാക്കാനായതിന്റെ സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നത് -ബാബു പറഞ്ഞവസാനിപ്പിച്ചു.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് നന്ദി പറയാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram