കൊച്ചി: ഇമേജ് നോക്കി പ്രവര്‍ത്തിക്കുന്ന സംഘടനയല്ല എ.എം.എം.എയെന്ന് കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എ. പൊതുജനങ്ങളുടെ പിന്തുണ തേടി പ്രവര്‍ത്തിക്കാന്‍ എ.എം.എം.എ ഒരു രാഷ്ട്രീയ സംഘടനയല്ലെന്നും സിനിമയിലെ പ്രവര്‍ത്തകരുടെ ക്ഷേമത്തിനായി രൂപീകരിച്ച സംഘടനയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് നാല് നടിമാര്‍ സംഘടനയില്‍ നിന്ന് രാജിവെച്ച വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ എ.എം.എം.എ ഭാരവാഹിയായ ഇടവേള ബാബുവിന് ഗണേഷ് കുമാര്‍ അയച്ച ശബ്ദ സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ശബ്ദസന്ദേശം മാതൃഭൂമി ന്യൂസ് പുറത്തുവിട്ടു.
ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകളും ഫെയ്സ്ബുക്ക് പോസ്റ്റുകളും കണ്ട് ഭയപ്പെടരുതെന്നാണ് ആദ്യ മുന്നറിയിപ്പ്. ഇപ്പോള്‍ എ.എം.എം.എയില്‍ നിന്ന് നാലുപേര്‍ രാജിവെച്ചതാണ് ഏറ്റവും പുതിയ കാര്യം. എന്നാല്‍, ഇവര്‍ സംഘടനയോട് ശത്രുത പുലര്‍ത്തുന്നവരും സ്ഥിരമായി കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നവരുമാണെന്ന് ഗണേഷ് കുമാര്‍ കുറ്റപ്പെടുത്തുന്നു.
ഈ നാല് നടിമാര്‍ പുറത്തുപോയത് സംബന്ധിച്ച് സംഘടനയുടെ ഒരംഗവും ചാനലുകളിലും മറ്റും പ്രതികരിക്കരുത്. സംഘടനയില്‍ നിന്ന് പുറത്തുപോയ നാലുപേരും സിനിമയിലോ സംഘടനയിലോ സജീവമായിട്ടുള്ളവരല്ല. എ.എം.എം.എ നടത്തിയ മെഗാ ഷോയില്‍ പോലും ഇവര്‍ സഹകരിച്ചിട്ടില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
ഇവര്‍ക്ക് പുറത്തുപോകുന്നതിനോ വേറെ സംഘടനയുണ്ടാക്കുന്നതിനോ യാതൊരു കുഴപ്പവുമില്ലെന്നും അതൊക്കെ നല്ല കാര്യതന്നെയാണെന്നും ഗണേഷിന്റെ സന്ദേശത്തിലുണ്ട്.
എ.എം.എം.എക്കെതിരേ രാഷ്ട്രീയക്കാര്‍ വിമര്‍ശനം ഉന്നയിക്കുന്നത് കൈയടി നേടാന്‍ വേണ്ടിമാത്രമാണെന്നും ഇപ്പോള്‍ പുറത്തുവരുന്ന വിവാദങ്ങള്‍ ഉന്നയിക്കുന്നത് ഒരുപണിയും ഇല്ലാത്ത രാഷ്ട്രീയക്കാരാണ്. ഇവര്‍ക്ക് രാഷ്ട്രീയത്തിലും വലിയ പ്രസക്തിയൊന്നുമില്ലെന്നും ഗണേഷ് കുമാര്‍ ആരോപിച്ചു.
എ.എം.എം.എയ്‌ക്കെതിരേ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ രണ്ട് ദിവസം കൊണ്ട് അടങ്ങും. ചാനലുകാരെയും പത്രക്കാരെയും സംബന്ധിച്ച് മറ്റുള്ളവരെ സഹായിക്കുക എന്നുള്ളതല്ല, മറിച്ച് ആരെയും നശിപ്പിക്കാന്‍ കിട്ടുന്ന ഏതൊരു അവസരവും അവര്‍ ഉപയോഗപ്പെടുത്തും. ഏത് പ്രസ്ഥാനമായാലും കുഴപ്പമില്ല അവരുടെ ജോലി നെഗറ്റിവിറ്റി വിതരണം ചെയ്യുന്നതാണെന്നും ഗണേഷ് മാധ്യമങ്ങളെയും വിമര്‍ശിച്ചു.
ചില രാഷ്ട്രീയ നേതാക്കന്മാര്‍ അവരുടെ പേര് പത്രത്തിലും ചാനലിലും വരാന്‍ വേണ്ടിയും ആളാവാന്‍ വേണ്ടിയും ഒരോന്ന് പറഞ്ഞോണ്ടിരിക്കും ഇവര്‍ക്കൊന്നും രാഷ്ട്രീയത്തില്‍ വലിയ പ്രസക്തിയില്ല. അതുകൊണ്ട് ഇത്തരം ആരോപണങ്ങള്‍ക്ക് നമ്മള്‍ ആരും മറുപടി നല്‍കേണ്ട കാര്യമില്ലെന്നും അദ്ദേഹത്തിന്റെ സന്ദേശത്തില്‍ പറയുന്നുണ്ട്.