തിരുവല്ല: തുകലശ്ശേരി സിഎസ്ഐ വൊക്കേഷണല്‍ ബധിര വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ക്ക് മഞ്ഞപ്പിത്ത ബാധ. 32 വിദ്യാര്‍ഥികള്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. മഞ്ഞപ്പിത്ത ബാധയെ തുടര്‍ന്ന് സ്കൂള്‍ ഒരാഴ്ച അടച്ചിടാന്‍ സ്കൂളധികൃതര്‍ തീരുമാനിച്ചു.
ഈ സ്കൂളിലെ ഭൂരിഭാഗം വിദ്യാര്‍ഥികളും ഹോസ്റ്റലില്‍ നിന്ന് പഠിക്കുന്നവരാണ്. ക്രിസ്മസ് അവധിക്ക് മുമ്പ് സ്കൂളിലെ രണ്ട് വിദ്യാര്‍ഥികള്‍ക്ക് ആദ്യം മഞ്ഞപ്പിത്ത ബാധയുണ്ടായിരുന്നു. തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ സ്കൂളിലെത്തി സാമ്പിളുകള്‍ പരിശോധിച്ചിരുന്നുവെങ്കിലും മഞ്ഞപ്പിത്തത്തിന് കാരണമാകുന്ന രോഗാണുവിന്റെ സാന്നിധ്യം സ്കൂളിലൊ ഹോസ്റ്റലിലോ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
തുടര്‍ന്ന് അവധിക്ക് സ്കൂള്‍ അടച്ചതോടെ വിദ്യാര്‍ഥികളെല്ലാവരും തങ്ങളുടെ വീടുകളിലേക്ക് മടങ്ങി. ഇതിന് ശേഷമാണ് പലരിലും മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ഇത്തരത്തില്‍ സ്കൂളിലെ 32 വിദ്യാര്‍ഥികള്‍ക്ക് ഇതുവരെ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചുവെന്നാണ് വിവരങ്ങള്‍.
മഞ്ഞപ്പിത്തം കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് ബാധിച്ചുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ സ്കൂളിലെത്തി സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. മഞ്ഞപ്പിത്ത ബാധയെ തുടര്‍ന്ന് മുന്‍കരുതലെന്ന നിലയില്‍ സ്കൂള്‍ ഒരാഴ്ചകൂടി അടച്ചിടാനാണ് അധികൃതരുടെ തീരുമാനം. തിങ്കളാഴ്ച സ്കൂള്‍ തുറക്കുമെന്നാണ് ഇതുവരെയുള്ള വിവരം.
Content Highlights: Jaundice infection, Deaf school students Thiruvalla