കോഴിക്കോട്: സി.പി.എം നേതാവ് എം. സ്വരാജിനെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം. ചരിത്രമറിയാത്ത കമ്യൂണിസ്റ്റ് ഗര്‍ദ്ദഭത്തിന് നാല്‍പതാം പക്കത്തും ബുദ്ധി മുളച്ചില്ലെങ്കില്‍ തലയില്‍ തക്കാളികൃഷി നടത്തുന്നതാണ് നല്ലതെന്ന് ജനയുഗത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പരിഹസിക്കുന്നു.
സി.പി.ഐയുടെ ചെങ്കൊടിയെ പീറത്തുണിയെന്ന് വിളിച്ച ഇദ്ദേഹത്തിന്റെ പൂര്‍വ്വ ചരിത്രം ഇതിഹാസ തുല്യമാണെന്നും മാധ്യമ പ്രവര്‍ത്തകരെ പിതൃശൂന്യരെന്ന് വിളിച്ച ആളാണിദ്ദേഹമെന്നും സ്വരാജിന്റെ പേരെടുത്തു പറയാതെ ലേഖനം വിമര്‍ശിക്കുന്നു. കമ്യൂണിസത്തെക്കുറിച്ച് ഈ അസുരവിത്ത് ഗ്വാ ഗ്വാ വിളിക്കുന്നത്, കുങ്കുമത്തിന്റെ ഗന്ധമറിയാതെ കഴുത കുങ്കുമം ചുമക്കുന്നതിന് സമാനമാണെന്നും ലേഖനം പറയുന്നു.
വി.എസ് അച്യുതാനന്തന്റെ തല വെട്ടി ഉത്തര കൊറിയന്‍ മോഡല്‍ കാപ്പിറ്റല്‍ പണിഷ്‌മെന്റ് നടപ്പാക്കണമെന്ന് ആ പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തില്‍ ആവശ്യപ്പെട്ട കപ്പലണ്ടി കമ്മ്യൂണിസ്റ്റാണ് സി.പി.ഐയുടെ ചെങ്കൊടിയെ പീറത്തുണിയെന്ന് വിമര്‍ശിച്ചത്. മാര്‍ക്‌സിസ്റ്റ് പ്രസ്ഥാനത്തില്‍ നുഴഞ്ഞുകയറി ആ മഹത്തായ സന്ദേശത്തിന് ശോഭകേടുണ്ടാക്കുന്ന ഈ കള്ളനാണയങ്ങളെ തിരിച്ചറിയേണ്ടത് ബന്ധപ്പെട്ട നേതൃത്വമാണെന്നും ലേഖനം പറയുന്നു. പ്രസ്ഥാനത്തിലെ ചാരസന്തതികളെയും ജാരസന്തതികളെയും കണ്ടെത്തി തൂത്തെറിഞ്ഞില്ലെങ്കില്‍ അതൊരു മഹാദുരന്തമാകുമെന്നും ലേഖനം മുന്നറിയിപ്പ് നല്‍കുന്നു.
എറണാകുളം ജില്ലയില്‍ സിപിഎം വിട്ടവര്‍ക്ക് സിപിഐ അംഗത്വം നല്‍കിയതോടെയാണ് ഇരു പാർട്ടികളും തമ്മിലുള്ള വാക്‌പോര് രൂക്ഷമായത്. ഇതിന്റെ തുടര്‍ച്ചയായി എം. സ്വരാജ് സിപിഐ ജില്ലാ സെക്രട്ടറി പി.രാജുവിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
Share this Article