താനൂരില്‍ ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചു;തീരദേശത്ത് ഇന്ന് ഹര്‍ത്താല്‍


അഞ്ചുടിയിലും താനൂര്‍,തിരൂര്‍ മേഖലകളിലെ തീരദേശങ്ങളിലും പോലീസ് സുരക്ഷ ശക്തമാക്കി.

താനൂര്‍: താനൂരിനടുത്ത് അഞ്ചുടിയില്‍ ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചു. യൂത്ത് ലീഗ് അഞ്ചുടി ശാഖാ മുന്‍ വൈസ് പ്രസിഡന്റ് ഇസ്ഹാഖ് എന്ന റഫീഖ് (35) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് സംഭവം.

ഇസ്ഹാഖ് വീടിനടുത്തുള്ള പള്ളിയിലേക്ക് പോകുംവഴിയാണ് അക്രമമുണ്ടായത്. ഈ സമയം വൈദ്യുതിയുണ്ടായിരുന്നില്ല. ഇരുട്ടില്‍ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വെട്ടേറ്റനിലയില്‍ ഇസ്ഹാഖിനെ കണ്ടത്. ഇരു കൈകാലുകള്‍ക്കും ഗുരുതരമായി വെട്ടേറ്റിരുന്നു. ഇയാളെ തിരൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോെയങ്കിലും രക്ഷിക്കാനായില്ല. സി.പി.എം -ലീഗ് സംഘര്‍ഷമുണ്ടായിരുന്ന സ്ഥലമാണ് അഞ്ചുടി. നേരത്തേ സി.പി.എം. പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കൊലപാതകമെന്നു സംശയിക്കുന്നു.

കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് നടന്ന ദിവസം ഇസ്ഹാഖിന്റെ വീടിനുനേരെ അക്രമമുണ്ടായിരുന്നു. സി.പി.എം. ആണ് അക്രമത്തിനുപിന്നിലെന്ന് മുസ്ലിംലീഗ് ആരോപിച്ചു. അതേസമയം മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നും സംഭവത്തെ അപലപിക്കുന്നുവെന്നും സി.പി.എം. ജില്ലാകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

താനൂര്‍ അഞ്ചുടിയിലെ പരേതനായ കുപ്പന്റെപുരയ്ക്കല്‍ സെയ്തലവിയുടെയും കുഞ്ഞിമോളുടെയും മകനാണ് ഇസ്ഹാഖ്. ഭാര്യ: ആരിഫ. സഹോദരങ്ങള്‍: നൗഫല്‍, സൈറാബി, സുമയ്യ.

മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലാണ്. സംഭവസ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച ജില്ലയിലെ തീരദേശനിയോജകമണ്ഡലങ്ങളില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ യു.ഡി.എഫ്. തീരുമാനിച്ചു. തിരൂര്‍, തിരൂരങ്ങാടി, പൊന്നാനി, തവനൂര്‍, വള്ളിക്കുന്ന്, താനൂര്‍ നിയോജകമണ്ഡലങ്ങളിലാണ് രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ ഹര്‍ത്താലെന്ന് യു.ഡി.എഫ്. നേതാക്കള്‍ അറിയിച്ചു

Content Highlights: iuml worker killed in anjudi tanur malappuram

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram