ന്യൂഡല്‍ഹി: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി പോരാടാന്‍ സിറിയയിലേക്ക് പോയ മലയാളി യുവാവിന് നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹം. ഇവിടെ പട്ടിണിയാണെന്നും ഭക്ഷണത്തിന് വേണ്ടി പോരാടുകയാണെന്നും യുവാവ് കുടുംബാംഗങ്ങള്‍ക്ക് അയച്ച സന്ദേശത്തില്‍ പറഞ്ഞതായി ദ ന്യു ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
കാസര്‍ഗോഡ് എലമ്പച്ചി സ്വദേശിയായ ഫിറോസ് എന്ന ഫിറോസ് ഖാനാണ് സിറിയയില്‍ നിന്ന് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നതായി കുടുംബത്തെ അറിയിച്ചത്. 2016 ജൂണിലാണ് ഫിറോസ് അടങ്ങുന്ന സംഘം ഐഎസില്‍ ചേരാനായി നാടുവിടുന്നത്. സംഘത്തിലെ മറ്റുള്ളവര്‍ അഫ്ഗാനിസ്ഥാലേക്ക് പോയപ്പോള്‍ ഫിറോസ് സിറിയയില്‍ എത്തുകയായിരുന്നു.
കഴിഞ്ഞ മാസം അവസാനമാണ് ഫിറോസിന്റെ ഫോണ്‍ കോള്‍ തങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് ഫിറോസിന്റെ ബന്ധു വെളിപ്പെടുത്തി. ഉമ്മ ഹബീബുമായി സംസാരിച്ച ഫിറോസ് തിരിച്ചുവന്ന് കീഴടങ്ങാനുള്ള ആഗ്രഹം ഉമ്മയോട് പറയുകയായിരുന്നു. അമേരിക്കയുടെ ആക്രമണത്തില്‍ സിറിയയല്‍ ഐ.എസ് തകര്‍ന്നതോടെയാണ് ഫിറോസ് വിളിച്ചത്. തങ്ങള്‍ വലിയ പ്രതിസന്ധിയിലാണെന്നും കടുത്ത ദാരിദ്രത്തിലാണെന്നും ഫിറോസ് ഉമ്മയോട് പറഞ്ഞതായി ബന്ധു വെളിപ്പെടുത്തി.
ഒരു മലേഷ്യന്‍ യുവതിയുമായി ഐ.എസ് തന്റെ വിവാഹം നടത്തിയെന്നും ഇവര്‍ പിന്നീട് തന്നെ ഉപേക്ഷിച്ചെന്നും ഫിറോസ് പറഞ്ഞു. തിരിച്ചുവന്നാല്‍ ഉണ്ടാവുന്ന കേസുകളെ കുറിച്ചും ഫിറോസ് അന്വേഷിച്ചു. കീഴടങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. അന്നത്തെ ഫോണ്‍ വിളിക്ക് ശേഷം ഫിറോസിനെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ലെന്നും ബന്ധു പറഞ്ഞു.
content highlights: Islamic State man tells family he wants to return