ന്യൂ ഡല്‍ഹി: തൃശ്ശൂര്‍ പൂരത്തിനും കുംഭമേളയ്ക്കും ആക്രമണം നടത്താൻ ഐഎസ് പദ്ധതിയിടുന്നതായി ഓഡിയോ സന്ദേശം.
അമേരിക്കയിലെ ലാസ് വേഗാസില്‍ നടത്തിയതുപോലെയുള്ള ആക്രമണത്തിനാണ് പദ്ധതിയിട്ടിരിക്കുന്നതെന്നും മലയാളത്തിലുള്ള ഓഡിയോ സന്ദേശത്തില്‍ പറയുന്നുണ്ടെന്ന് ഡിഎൻഎ പത്രം റിപ്പോർട്ട് ചെയ്യുന്നു. യൂറോപ്പിനും മധ്യപൂര്‍വ്വഷ്യക്കും ശേഷം ഐഎസിന്റെ ലക്ഷ്യം ഇന്ത്യയാണെന്ന് സൂചന നല്കുന്നതാണിതെന്ന് ഔദ്യോഗികവൃത്തങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.
ഐഎസില്‍ നിന്നുള്ള സന്ദേശമെന്ന പേരില്‍ തുടങ്ങുന്ന ഒഡിയോ ക്ലിപ്പില്‍ ഖുറാനില്‍ നിന്നുള്ള വാചകങ്ങളും ഉദ്ധരിച്ചിട്ടുണ്ട്. പുരുഷശബ്ദമാണ് സന്ദേശത്തിലുള്ളത്. 'ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയോ മറ്റേതെങ്കിലും തരത്തിലോ വ്യത്യസ്തത പ്രയോഗിക്കണം. തൃശ്ശൂര്‍ പൂരത്തിലേക്കോ കുംഭമേളയിലേക്കോ ആള്‍ക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ചു കയറ്റുകയുമാവാം. ഐഎസ് മുജാഹിദീന്‍ ഇത്തരം കൃത്യങ്ങള്‍ ലോകമെമ്പാടും ചെയ്തുവരുന്നുണ്ട്. ലാസ് വേഗാസില്‍ ഒരു സംഗീതപരിപാടിക്കിടെ നമ്മുടെ അനുയായി അങ്ങനെ നിരവധി പേരെ കൊന്നിട്ടുണ്ട്. കുറഞ്ഞ പക്ഷം ഒരു ട്രെയിന്‍ പാളം തെറ്റിക്കുകയെങ്കിലും ചെയ്യണം. അല്ലെങ്കില്‍ ഒരു കത്തിയെങ്കിലും ഉപയോഗിക്കൂ' എന്നാണ് സന്ദേശത്തിലുള്ളത്.
അവിശ്വാസികളുടെ ഇടയില്‍ നിന്ന് വിശ്വാസികളുടെ സങ്കേതത്തിലേക്ക് മുസ്ലീംകള്‍ നാടുവിട്ട് പോവണമെന്ന ആഹ്വാനവും സന്ദേശത്തിലുണ്ട്. അങ്ങനെ ചെയ്യാന്‍ കഴിയില്ലെങ്കില്‍ ഐഎസിന് സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ തയ്യാറാവണമെന്നും ആവശ്യമുണ്ട്.
ഐഎസില്‍ ചേരാന്‍ അഫ്ഗാനിസ്ഥാനിലേക്ക് പോയ കാസര്‍കോട് സ്വദേശി റാഷിദ് അബ്ദുള്ളയുടേതാണ് ശബ്ദമെന്നാണ് പോലീസ് നിഗമനം. കേരളാ പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്നുറിലധികം സോഷ്യല്‍മീഡിയ ശബ്ദസന്ദേശങ്ങള്‍ അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ചു കഴിഞ്ഞു.