കൊച്ചി: കേരളത്തിലും ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. ഐഎസുമായി ബന്ധമുള്ള മലയാളികളാണ് സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടതെന്നാണ് വിവരം. ശ്രീലങ്കയിലുണ്ടായ സ്‌ഫോടനപരമ്പരയില്‍ പങ്കുണ്ടൈന്ന സംശയത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) അറസ്റ്റ് ചെയ്ത പാലക്കാട് മുതലമട ചുള്ളിയാര്‍മേട് ചപ്പക്കാട് സ്വദേശി റിയാസ് അബൂബക്കറില്‍ (25) നിന്നാണ് കേരളത്തില്‍ സ്‌ഫോടനം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായി വിവരം ലഭിച്ചത്.
കേരളത്തില്‍ പുതുവത്സര ദിനത്തില്‍ ആക്രമണം നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. വിദേശികള്‍ കൂടുതലുള്ള ഇടങ്ങള്‍ തിരഞ്ഞെടുത്ത് അവിടെ സ്‌ഫോടനങ്ങള്‍ നടത്തുക എന്നതായിരുന്നു ഇവരുടെ ഉദ്ദേശ്യം. ഇതിനായി റിയാസിനോട് സ്‌ഫോടകവസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവ ശേഖരിക്കാന്‍ നിര്‍ദേശവും നല്‍കിയിരുന്നു. എന്നാല്‍ കൂട്ടത്തില്‍പ്പെട്ട ചിലര്‍ ഇതിനെ എതിര്‍ത്തതിനെ തുടര്‍ന്ന് പദ്ധതി നടപ്പിലാക്കാനാവാതെ ഉപേക്ഷിക്കുകയുമായിരുന്നു എന്നാണ് വിവരം.
തൊപ്പിയും അത്തറും വിറ്റിരുന്ന ഇയാള്‍ ഐഎസിന്റെ ആശയങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് വ്യക്തമാക്കുന്ന തെളിവുകളും ഇയാളില്‍നിന്ന് എന്‍ഐഎ പിടിച്ചെടുത്തിട്ടുണ്ട്. നേരത്തെ ഐഎസില്‍ ചേര്‍ന്ന കാസര്‍കോട് സ്വദേശി അബ്ദുള്‍ റാഷിദുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഇയാളെ ചൊവ്വാഴ്ച എന്‍ഐഎ കോടതിയില്‍ ഹാജരാക്കും.
ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് എന്‍ഐഎ കസ്റ്റഡിയിലെടുത്ത കാസര്‍കോട് വിദ്യാനഗര്‍ സ്വദേശി അബൂബക്കര്‍ സിദ്ദിഖ് (25), കുഡ്‌ലു കാളംകാവിലെ അഹമ്മദ് അറാഫത്ത് (23) എന്നിവരെയും എന്‍.ഐ.എ. വിശദമായി ചോദ്യം ചെയ്തിരുന്നു.
ശ്രീലങ്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ സഹായത്തോടെയാണ് എന്‍ഐഎയുടെ അന്വേഷണം. ശ്രീലങ്കന്‍ ഏജന്‍സിക്കുലഭിക്കുന്ന വിവരങ്ങള്‍ ഇന്ത്യയ്ക്ക് കൈമാറുന്നുണ്ട്. കസ്റ്റഡിയിലുള്ളവരുടെ വീടുകളിലും താവളങ്ങളിലും കണ്ടെത്തിയ ഡിജിറ്റല്‍ ഉപകരണങ്ങള്‍, സി.ഡി.കള്‍, പുസ്തകങ്ങള്‍ എന്നിവയെ മുന്‍നിര്‍ത്തിയും അന്വേഷണം പുരോഗമിക്കുന്നുണ്ട്.
Content Highlights: ISIS Suspect, Planning to Carry Out Attack in Kerala, Sri Lanka blast