കോട്ടയം: പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമായിരിക്കെ മാണിവിഭാഗത്തിന്റെ നിര്‍ദേശങ്ങളെ തള്ളി പി.ജെ. ജോസഫ്. ജോസ് കെ. മാണി ചെയര്‍മാനാകണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടില്ലെന്നും ഒരുവിഭാഗത്തിന് മാത്രം എല്ലാസ്ഥാനങ്ങളും നല്‍കണമെന്ന ആവശ്യം ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും പി.ജെ. ജോസഫ് പ്രതികരിച്ചു. അതേസമയം, സി.എഫ്. തോമസ് ചെയര്‍മാനാകുന്നതിനെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
പ്രതിച്ഛായയില്‍ വന്ന വിവാദലേഖനത്തെയും പി.ജെ. ജോസഫ് തള്ളിപ്പറഞ്ഞു. ബാര്‍ക്കോഴ ആരോപണത്തില്‍ മാണിക്ക് പിന്നില്‍ യു.ഡി.എഫ്. ഒറ്റക്കെട്ടായി നിന്നെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
അതിനിടെ, പാര്‍ട്ടി ചെയര്‍മാനെ ഉടന്‍ തീരുമാനിക്കുമെന്ന് ജോസ് കെ. മാണി വ്യക്തമാക്കി. ആര് ചെയര്‍മാനാകണമെന്നത് സംബന്ധിച്ച് ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഇക്കാര്യങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ജോസ് കെ. മാണിയെ പാര്‍ട്ടി ചെയര്‍മാനാക്കണമെന്ന് ആവശ്യപ്പെട്ട് ഒമ്പത് ജില്ലാ പ്രസിഡന്റുമാര്‍ രംഗത്തെത്തിയതോടെയാണ് കേരള കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായത്. പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനവും പാര്‍ലമെന്ററി നേതൃസ്ഥാനവും തങ്ങള്‍ക്ക് ലഭിക്കണമെന്നാണ് മാണിവിഭാഗത്തിന്റെ ആവശ്യം. ഒമ്പത് ജില്ലാ പ്രസിഡന്റുമാര്‍ ഇക്കാര്യം ആവശ്യപ്പെട്ട് ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്. തോമസുമായി കൂടിക്കാഴ്ച നടത്തി.
പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവെന്ന നിലയില്‍ പി.ജെ. ജോസഫിന് ചെയര്‍മാന്‍ സ്ഥാനമോ പാര്‍ലമെന്ററി നേതൃസ്ഥാനമോ ലഭിക്കണമെന്നായിരുന്നു മറുവിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ ഈ നീക്കങ്ങള്‍ മുന്നില്‍ക്കണ്ടാണ് മാണി വിഭാഗം കരുനീക്കങ്ങള്‍ ആരംഭിച്ചത്. ജോസ് കെ. മാണിയെ ചെയര്‍മാനാക്കി, സി.എഫ്. തോമസിനെ പാര്‍ലമെന്റി നേതൃസ്ഥാനത്തേക്ക് പരിഗണിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇതിലൂടെ പാര്‍ട്ടിയില്‍ മാണി വിഭാഗത്തിന്റെ ആധിപത്യം ഉറപ്പിക്കാനാകുമെന്നും ഇവര്‍ കരുതുന്നു.
Content Highlights: internal conflict in kerala congress m, pj joseph and jose k mani response