ചെറുതോണി: വൃഷ്ടിപ്രദേശത്തെ മഴയും നീരൊഴുക്കും കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് കാര്യമായി കുറഞ്ഞു. മണിക്കൂറിനുള്ളില്‍ 1.4 അടിയുടെ കുറവാണ് ജലനിരപ്പില്‍ ഉണ്ടായത്.
ഒഴുകിയെത്തുന്നതിനെക്കാള്‍ കൂടുതല്‍ വെള്ളം ഷട്ടറുകളിലൂടെ ഒഴുക്കുന്നതും മൂലമറ്റത്ത് വൈദ്യുതോത്പാദനം പൂര്‍ണ തോതില്‍ നടത്തുന്നതിനാലുമാണ് ഡാമിലെ ജലനിരപ്പ് ഗണ്യമായി കുറയുന്നത്. തിങ്കളാഴ്ട പുലര്‍ച്ചെ അഞ്ചിന് 2397.94 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്.
അഞ്ച് ഷട്ടറും തുറന്നുതന്നെ
ചെറുതോണി അണക്കെട്ടിലെ അഞ്ച് ഷട്ടറുകള്‍ തുറന്നുകിടക്കുകയാണ്. ഒന്നും അഞ്ചും ഷട്ടറുകള്‍ ഓരോ മീറ്റര്‍ വീതവും രണ്ട്, മൂന്ന്, നാല് ഷട്ടറുകള്‍ 1.8 മീറ്ററുമാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇതിലൂടെ സെക്കന്‍ഡില്‍ 7.5 ലക്ഷം ലിറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. രണ്ട് ദിവസമായി ഇതേ അളവിലാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. സെക്കന്‍ഡില്‍ 6.81 ലക്ഷം ലിറ്റര്‍ വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.
തത്കാലം അടയ്ക്കുന്നില്ല
മഴയും നീരൊഴുക്കും നോക്കിയശേഷം മാത്രമേ അണക്കെട്ടിന്റെ ഷട്ടറുകള്‍ അടയ്ക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ. നീരൊഴുക്ക് ഗണ്യമായി കുറഞ്ഞാല്‍ ഒന്നും അഞ്ചും ഷട്ടറുകള്‍ അടയ്ക്കും.
പൂര്‍ണതോതില്‍ മൂലമറ്റം
മൂലമറ്റം പവര്‍ഹൗസിലെ അഞ്ച് ജനറേറ്ററുകളും പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുകയാണ്. 14.938 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ശനിയാഴ്ച ഉത്പാദിപ്പിച്ചത്. സെക്കന്‍ഡില്‍ 116 ലക്ഷം ലിറ്റര്‍ വെള്ളം ഇതിനായി കൊണ്ടുപോകുന്നുണ്ട്. ചിലപ്പോള്‍ വെയിലുണ്ടാകുന്നുണ്ടെങ്കിലും ഇടയ്ക്കിടെ ശക്തമായ മഴ പെയ്യുന്നുണ്ട്. ഞായറാഴ്ച വൈകുന്നേരവും ചെറുതോണിയില്‍ ശക്തമായ മഴ പെയ്തു.