കൊച്ചി: മുനമ്പം വഴി മനുഷ്യക്കടത്ത് നടന്നതായി സംശയം. ശ്രീലങ്കന്‍ അഭയാര്‍ഥികളായ 43 അംഗ സംഘം കടല്‍മാര്‍ഗം വിദേശത്തേക്ക് കടക്കാന്‍ശ്രമിച്ചതായാണ് പോലീസിന്റെ സംശയം. മാല്യങ്കര കടവില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയ ബാഗുകള്‍ പരിശോധിച്ചപ്പോഴാണ് മനുഷ്യക്കടത്തിനെക്കുറിച്ചുള്ള തെളിവുകള്‍ ലഭിച്ചത്.
കഴിഞ്ഞദിവസമാണ് മാല്യങ്കരയിലെ ബോട്ട് കടവില്‍നിന്ന് എട്ട് ബാഗുകള്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ബാഗുകള്‍ പരിശോധിച്ചപ്പോള്‍ വസ്ത്രങ്ങളും മരുന്നുകളും മൂന്ന് വിമാനടിക്കറ്റുകളും കണ്ടെത്തി. പിന്നീട് ഇതേക്കുറിച്ച് പോലീസ് വിശദമായി അന്വേഷിച്ചപ്പോഴാണ് മനുഷ്യക്കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.
ചെറായി മേഖലയിലെ റിസോര്‍ട്ടുകളിലും ലോഡ്ജുകളിലുമായി സ്ത്രീകളും കുട്ടികളും അടക്കം 43 പേര്‍ താമസിച്ചിരുന്നു. ഇതില്‍ 40 പേര്‍ കഴിഞ്ഞ അഞ്ചാം തീയതി ഡല്‍ഹിയില്‍നിന്ന് ട്രെയിന്‍ മാര്‍ഗമാണ് കൊച്ചിയിലെത്തിയത്. ബാക്കി മൂന്നുപേര്‍ എട്ടാം തീയതി വിമാനത്തിലും നഗരത്തിലെത്തി. ഇവര്‍ താമസിച്ചിരുന്ന റിസോര്‍ട്ടില്‍ പരിശോധന നടത്തിയ പോലീസ് സംഘം ഉപേക്ഷിച്ച ബാഗുകളും തിരിച്ചറിയല്‍രേഖകളും കണ്ടെടുത്തു.
ഇതിനുപുറമേ കഴിഞ്ഞദിവസം മുനമ്പത്ത് ഒരു ബോട്ടിന്റെ വില്‍പ്പന നടന്നതിനെക്കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ ബോട്ട് വഴി ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ വിദേശത്തേക്ക് കടന്നിട്ടുണ്ടോ എന്നതിനെക്കുറിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. മുനമ്പം വഴി ഓസ്‌ട്രേലിയയിലേക്കും ന്യൂസീലാന്‍ഡിലേക്കും മനുഷ്യക്കടത്ത് നടക്കുന്നതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Content Highlights: human trafficking in kochi munambam