ന്യൂഡല്‍ഹി: അടുത്ത നാല് ദിവസത്തേക്ക് കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഞായറാഴ്ച വരെ ശക്തമായ മഴയും തിങ്കളാഴ്ച അതിശക്തമായ മഴയുമുണ്ടാവുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 12 മുതല്‍ 20 സെന്റീമീറ്റര്‍ വരെ മഴയ്ക്ക് സാധ്യതയുണ്ട്. വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് രാത്രി സമയത്ത് മലയോരമേഘലയിലേക്കുള്ള യാത്ര പരിമിതപെടുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ, ബീച്ചുകളില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ കടലില്‍ ഇറങ്ങുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
മലയോര മേഖലകളില്‍ മലവെള്ളപ്പാച്ചിലിന് സാധ്യതയുള്ളതിനാല്‍ ചെറുചാലുകളുടെയും തോടുകളുടെയും സമീപത്തും മരങ്ങളുടെ അടിയിലും വാഹനം പാര്‍ക്ക് ചെയ്യരുതെന്ന് ജാഗ്രതാ മുന്നറിയിപ്പില്‍ പറയുന്നു.
കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കര്‍ശന നിര്‍ദേശമുണ്ട്. മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയുള്ള കാറ്റ് വീശാന്‍ സാധ്യയുണ്ടെന്നും മുന്നറിയിപ്പിലുണ്ട്.
Content Highlights: Heavy Rain, Warnning, Kerala, Strong Wind, Thunder strom.