തിരുവനന്തപുരം: അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെത്തുടര്‍ന്ന് വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളില്‍ ഞായറാഴ്ച മഞ്ഞ അലെര്‍ട്ടും, ഇടുക്കി, വയനാട് ജില്ലകളില്‍ തിങ്കളാഴ്ച മഞ്ഞ അലെര്‍ട്ടും പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റേതാണ് നടപടി.
തുടര്‍ച്ചയായ ദിവസങ്ങളില്‍ വന്ന മഞ്ഞ, ഓറഞ്ച്, റെഡ് അലര്‍ട്ടുകളും അതിതീവ്ര മഴയുടെ പ്രവചനവും പരിഗണിച്ച് നിര്‍ദേശിച്ചിരുന്ന മുന്നൊരുക്ക നടപടികളില്‍ മഴയുടെ ഏറ്റക്കുറച്ചില്‍പരിഗണിച്ച് അധികൃതര്‍ ഇളവ് വരുത്തി.
മലയോര മേഖലയിലെ വിനോദ സഞ്ചാരത്തിന് നിര്‍ദേശിച്ചിരുന്ന നിയന്ത്രണം പ്രാദേശികമായി ലഭിച്ച മഴയുടെ സാഹചര്യവുംകൂടി പരിഗണിച്ച് ആവശ്യാനുസരണം പിന്‍വലിക്കുവാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ക്ക് അധികൃതര്‍ അനുമതി നല്‍കി. 24 മണിക്കൂറും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിപ്പിക്കണമെന്ന നിര്‍ദ്ദേശത്തിലും ഇളവുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ ടീമുകളെ പ്രാദേശികമായി ലഭിച്ച മഴയുടെ സാഹചര്യം പരിഗണിച്ച് ദുരന്ത നിവാരണ അതോറിറ്റികല്‍ക്ക് തിരിച്ചയയ്ക്കാം.
എന്നാല്‍, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലെ മലയോര മേഖലയില്‍ ഞായറാഴ്ചയും, ഇടുക്കി, വയനാട് ജില്ലകളില്‍ തിങ്കളാഴ്ചയും രാത്രി യാത്ര ഒഴിവാക്കുന്നതാകും ഉചിതം എന്നാണ് നിര്‍ദ്ദേശം. മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുത് എന്ന നിര്‍ദേശം തുടരും. പോലീസിനോടും അഗ്നിശമന സേനയോടും ജാഗ്രത തുടരാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതിനിടെ, അതിതീവ്ര മഴയുടെ സാധ്യത മുന്നില്‍ക്കണ്ട് തുറന്ന ഇടുക്കി അണക്കെട്ടിന്റെ ഷട്ടര്‍ ഞായറാഴ്ച അടച്ചു. ശനിയാഴ്ച രാവിലെ 11 നാണ് ചെറുതോണിയിലെ ഒരു ഷട്ടര്‍ തുറന്നത്. എന്നാല്‍ ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ കാര്യമായ മഴ പെയ്തില്ല.