തിരുവനന്തപുരം: പ്രണയിച്ചുവിവാഹം കഴിച്ചതിനാല്‍ എസ്.ഡി.പി.ഐയുടെ വധഭീഷണിയെന്ന് നവദമ്പതികള്‍ ഫേസ്ബുക്ക് ലൈവില്‍. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി ഹാരിസണ്‍ ഹാരിസും ഭാര്യ ഷഹാനയുമാണ് എസ്.ഡി.പി.ഐ ഭീഷണിയുണ്ടെന്ന് ആരോപിച്ച് ഫേസ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
'ഞാന്‍ ഏതു നിമിഷം വേണമെങ്കിലും കൊല്ലപ്പെട്ടേക്കാം. എസ്.ഡി.പി.ഐയും അവളുടെ വിട്ടുകാരില്‍ ചിലരും എന്നെ കൊല്ലാന്‍ പരക്കം പായുകയാണ്. പ്രേമിച്ച പെണ്ണിനെ കെട്ടി പോയതിനു നാളെ കെവിനെ പോലെ ഞാനും ഒരു പോസ്റ്റ്റില്‍ ഒതുങ്ങും' എന്ന വിവരണത്തോടെയാണ് ഹാരിസണിന്റെ ഫെയ്‌സ്ബുക്ക് ലൈവ്.
ഹാരിസണെ പ്രണയിച്ചത് മതവും ജാതിയും നോക്കിയട്ടല്ലെന്നും, ഹാരിസണിന്റെ കൂടെ തനിക്ക് ജീവിക്കണമെന്നും ഷഹാനയും ഫെയ്‌സ്ബുക്ക് ലൈവില്‍ പറയുന്നുണ്ട്. 'എന്റെ വീട്ടുകാര്‍ തന്നെയും ഹാരിസണെയും കൊല്ലുമെന്ന് പറയുന്നു. എന്റെ ജാതിയും മതവുമൊന്നും മാറ്റിയിട്ടില്ല. ഞാന്‍ മുസ്ലീമായും ഹാരിസണ്‍ ക്രിസ്ത്യനായും തന്നെയാണ് ജീവിക്കുന്നത്. ഞങ്ങള്‍ക്ക് സ്‌നേഹം മാത്രമേയുള്ളു. ഞങ്ങള്‍ മരിച്ചാലേ നിങ്ങള്‍ ജയിക്കുവെന്ന് നിങ്ങള്‍ക്ക് തോന്നേണ്ട, എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഞാന്‍ ഇറങ്ങിവന്നത്'- ഷഹാന പറയുന്നു.
നവദമ്പതികളുടെ വീഡിയോ ചിലര്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ കേരള പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. സംഭവത്തില്‍ ആറ്റിങ്ങല്‍ പോലീസ് അന്വേഷണം തുടങ്ങിയെന്നാണ് കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ നിന്ന് ലഭിച്ച മറുപടി.