തിരുവനന്തപുരം: പെന്‍ഷന്‍ പ്രതിസന്ധി പരിഹരിക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് 60 കോടി രൂപ അനുവദിച്ചുവെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്ക്. ഒരു പാക്കേജ് തയ്യാറാക്കിയിട്ടുണ്ടെന്നും ഇതു മുഴുവനായി നടപ്പാക്കുന്നതിലൂടെ മാത്രമെ കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാന്‍ സാധിക്കുകയുള്ളു എന്ന് തോമസ് ഐസക്ക് അറിയിച്ചു. ഇപ്പോള്‍ ഡീസലടക്കമുള്ള എല്ലാ കാര്യങ്ങളുടെയും ചെലവ് സര്‍ക്കാരാണ് വഹിക്കുന്നത്. ഇതുവരെ കെ.എസ്.ആര്‍.ടി.സിക്ക് 1565 കോടി രൂപ നല്‍കിയിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
പെന്‍ഷന്‍ വിതരണം ചെയ്യാന്‍ 60 കോടി രൂപ അനുവദിക്കണമെന്ന് ധനകാര്യ വകുപ്പിനോട് കെ.എസ്.ആര്‍.ടി.സി ആവശ്യപ്പെട്ടിരുന്നു. പെന്‍ഷന്‍ കുടിശ്ശിക അഞ്ച് മാസമായതോടെയാണ് കെ.എസ്.ആര്‍.ടി.സി സര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിച്ചത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
സര്‍ക്കാരിന്റെ വരവും ചെലവും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും അദ്ദേഹം അറിയിച്ചു. വരുമാനം കുറയുമ്പോള്‍ കമ്മി കൂടും. ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ബജറ്റില്‍ പറയാം. ധനക്കമ്മിയും റവന്യൂ കമ്മിയും കുറക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുമെന്നും തോമസ് ഐസക്ക് പറഞ്ഞു.
പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കും എന്ന് പറഞ്ഞ് അധികാരത്തില്‍ കയറിയ ബി.ജെ.പിയുടെ സര്‍ക്കാര്‍ ക്രൂഡ് ഓയിലിന് വില കുറഞ്ഞിട്ടും വില കുറയ്ക്കാന്‍ തയ്യാറാവുന്നില്ല .നികുതി നിരക്ക് കുറക്കാതെ പെട്രോളിയം കമ്പനികള്‍ക്ക് വില കൂട്ടാന്‍ അനുവദിക്കുകയും ചെയ്യുന്നു. 16 രൂപ വര്‍ധിപ്പിച്ചതിന് ശേഷം നാല് രൂപ കുറക്കുന്ന രീതിയാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. സംസ്ഥാന സര്‍ക്കാരല്ല നികുതി കുട്ടുന്നത്, കേന്ദ്ര സര്‍ക്കാരാണെന്നും ധനമന്ത്രി തോമസ് ഐസക്ക് ആരോപിച്ചു.
Share this Article
Related Topics