തിരുവനന്തപുരം: മന്ത്രിമാരുടെ പട്ടികയില്‍ അക്ഷരമാലക്രമം പാലിച്ചില്ലെന്ന പരാതിയില്‍ സര്‍ക്കാര്‍ ഡയറിയുടെ അച്ചടി മുഖ്യമന്ത്രി ഇടപെട്ട് നിര്‍ത്തിവെപ്പിച്ചു. ഡയറിയില്‍ സിപിഐ മന്ത്രിമാരുടെ പേര് സിപിഎം,എന്‍സിപി മന്ത്രിമാര്‍ക്ക് പിറകിലായതാണ് പരാതിക്കാധാരം.
സിപിഐ മന്ത്രിമാരുടെ പരാതി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അച്ചടിച്ച ഡയറികള്‍ വിതരണം ചെയ്യേണ്ടെന്നും അച്ചടിച്ചുകൊണ്ടിരിക്കുന്നത് നിര്‍ത്തിവെക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിക്കുകയായിരുന്നു.
മന്ത്രിമാരുടെ പട്ടികയില്‍ മുഖ്യമന്ത്രിയുടേയും അതിനു ശേഷം ഉപമുഖ്യമന്ത്രിയുണ്ടെങ്കില്‍ അതും ശേഷം അക്ഷരമാലക്രമത്തില്‍ മന്ത്രിമാരുടെ പേരും അച്ചടിച്ചാണ് എല്ലാ വര്‍ഷവും ഡയറിയില്‍ വരാറുള്ളത്. എന്നാല്‍ ഇത്തവണ പതിവിന് വിപരീതമായി സിപിഎം മന്ത്രിമാരുടേയും എന്‍സിപി മന്ത്രി എ.കെ.ശശീന്ദ്രന്റേയും പേരുകള്‍ കഴിഞ്ഞാണ് സിപിഐ മന്ത്രിമാരുടെ പേര് രേഖപ്പെടുത്തിയത്.
മന്ത്രി വി.എസ്.സുനില്‍ കുമാറാണ് ഇക്കാര്യം ആദ്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ജി.എ.ഡി വകുപ്പിനാണ് ഡയറി അച്ചടിക്കുള്ള ചുമതല. മുഖ്യമന്ത്രിയുടെ കീഴിലുള്ള വകുപ്പാണിത്. ഇതിനകം തന്നെ 40000 ഡയറികള്‍ അച്ചടിച്ച് കഴിഞ്ഞിരുന്നു.
മുഖ്യമന്ത്രിക്കും മന്ത്രി എ.കെ.ബാലനുമെതിരെ കഴിഞ്ഞ ദിവസം നടന്ന സിപിഐ എക്‌സിക്യുട്ടീവില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വിവാദം. മുഖ്യമന്ത്രി സിപിഐ മന്ത്രിമാരുടെ വകുപ്പുകള്‍ അടക്കി ഭരിക്കേണ്ടെന്നും പിണറായി മുണ്ടുടുത്ത മോദിയാണെന്നുമടക്കമുള്ള വിമര്‍ശനം യോഗത്തില്‍ ഉയര്‍ന്നിരുന്നു.