മുക്കം: ഗെയില്‍ പൈപ്പ് ലൈനിനെതിരെ മുക്കം എരഞ്ഞിമാവില്‍ സമരസമിതിയും പോലീസും തമ്മില്‍ സംഘര്‍ഷം. സമരക്കാര്‍ ഗെയില്‍ അധികൃതരുടെ വാഹനങ്ങള്‍ തല്ലി തകര്‍ത്തു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ തകര്‍ത്തു. ഒട്ടേറെ പേരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. കീഴുപറമ്പ്, കൊടിയത്തൂര്‍, കാരശ്ശേരി പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
രാവിലെ ഗെയില്‍ ഉദ്യോഗസ്ഥരുമായെത്തിയ വാഹനം പൈപ്പ് ലൈന്‍ വിരുദ്ധ സമിതി പ്രവര്‍ത്തകര്‍ തകര്‍ത്തതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. ഉദ്യോഗസ്ഥര്‍ പുറത്തിറങ്ങുന്നതിന് മുമ്പേയാണ് വാഹനത്തിന്റെ ചില്ല് അടിച്ചു തകര്‍ത്തത്. തുടര്‍ന്ന് പോലീസ് ലാത്തി വീശി. സമരപന്തല്‍ പൊളിച്ച് നീക്കുകയും ചെയ്തു.
സംഘര്‍ഷം രൂക്ഷമായതോടെ രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകള്‍ സമരാനുകൂലികള്‍ അടിച്ചു തകര്‍ത്തു. മാനന്തവാടിയില്‍ നിന്നും പാലക്കാട്ടേക്ക് പോകുകയായിരുന്ന ബസ്സിന്റെ ചില്ല് തകര്‍ക്കുകയും ടയര്‍ കുത്തിക്കീറുകയും ചെയ്തു. കോഴിക്കോട് നിന്നും നിലമ്പൂര്‍ക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ ചില്ലും തകര്‍ത്തു. ഒരു പോലീസ് വാഹനത്തിന്റെ ചില്ലും തകര്‍ത്തിട്ടുണ്ട്. റോഡിന് നടുവില്‍ ടയര്‍ കൂട്ടിയിട്ട് കത്തിച്ചതോടെ ഏറെ നേരം സംസ്ഥാന പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.
മുക്കത്തിനടുത്ത് എരഞ്ഞിമാവില്‍ ഗെയില്‍ പൈപ്പ്ലൈന്‍ സമരസമിതിയും പോലീസും തമ്മിലുണ്ടായ സംഘര്‍ഷത്തേത്തുടര്‍ന്ന് റോഡില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ചത് പോലീസ് അണയ്ക്കാന്‍ ശ്രമിക്കുന്നു.
ഗെയില്‍പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുക്കുന്നതിലായിരുന്നു സമര സമിതിക്കാരുടെ എതിര്‍പ്പ്. റീ സര്‍വേ നടത്തണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു. ഈ ആവശ്യമുന്നയിച്ച് കഴിഞ്ഞ മൂന്ന് മാസത്തോളമായി ഇവിടെ സമരം നടക്കുകയാണ്.
സമരം ശക്തമായതോടെ ശക്തമായ പോലീസ് കാവല്‍ സ്ഥലത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്
Content Brief: GAIL pipeline, Trouble breaks out in Mukkam, KSRTC Bus damaged